Wednesday, May 1, 2024

മുഖ്യമന്ത്രിയെപ്പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ല, ഹിറ്റ്ലർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഗീബൽസിനു പകരം പിണറായി വിജയനെ നിയമിക്കുമായിരുന്നു – എം.കെ. മുനീർ

TOP NEWSKERALAമുഖ്യമന്ത്രിയെപ്പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ല, ഹിറ്റ്ലർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഗീബൽസിനു പകരം പിണറായി വിജയനെ നിയമിക്കുമായിരുന്നു - എം.കെ. മുനീർ

ഹിറ്റ്ലർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ പ്രൊപഗാൻഡ മന്ത്രിയായി ഗീബൽസിനു പകരം പിണറായി വിജയനെ നിയമിക്കുമായിരുന്നുവെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ. മുനീർ. മുഖ്യമന്ത്രിയെപ്പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ല. ചോര നക്കിക്കുടിക്കാൻ പറ്റുമോ എന്നാണ് മുഖ്യമന്ത്രി നോക്കുന്നത്. മോദിയിൽനിന്ന് രാഹുലിലേക്ക് സിപിഎം ടാർഗറ്റ് മാറ്റിയിരിക്കുന്നു. മോദി വീണ്ടും അധികാരത്തിൽ വരുന്നത് പിണറായിക്ക് പ്രശ്‌നമല്ല. എങ്ങനെയെങ്കിലും രാഹുൽ ഗാന്ധിയെ തോൽപ്പിക്കണമെന്നതാണ് പിണറായിയുടെ ലക്ഷ്യം. മണിപ്പൂരിൽ പോയി അവരുടെ കണ്ണീരൊപ്പി ചേർത്തു പിടിച്ച രാഹുൽ ഗാന്ധിയോട് മണിപ്പൂരുമായി ബന്ധപ്പെട്ട് ഒരു നിലപാടുമില്ലാത്തവനെന്നു പറയാൻ പിണറായിക്ക് ചില്ലറ തൊലിക്കട്ടിയൊന്നും പോരെന്ന് മുനീർ ചൂണ്ടിക്കാട്ടി.

“പൗരത്വ വിഷയത്തിലൊക്കെ എത്രയെത്ര നുണകളാണ് പിണറായി വിജയൻ ആവർത്തിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ വന്നപ്പോൾ കേരളത്തിലെ യുഡിഎഫ് എംപിമാരോ കോൺഗ്രസ് നേതാക്കളോ അതിനെതിരെ പറഞ്ഞോ എന്നാണ് ചോദ്യം. പാർലമെൻ്റ് രേഖകളിലും പത്ര, ദൃശ്യമാധ്യമങ്ങളിലും പച്ചയായി കാണുന്ന വസ്‌തുതയെയാണ് ഒരു ഉളുപ്പുമില്ലാതെ തുടർച്ചയായി നിഷേധിച്ച് കളവ് പറയുന്നത്. ലോക്സഭയിൽ ബില്ല് ആദ്യം വന്നപ്പോൾ തന്നെ കോൺഗ്രസ് പാർട്ടി ലീഡർ അധീർ രഞ്ജൻ ചൗധരി നടത്തിയ ഇടപെടലിന്റെയും കേരളത്തിൽ നിന്നുളള ശശി തരൂർ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം.കെ പ്രേമചന്ദ്രൻ തുടങ്ങിയവരുടെ പാർലമെന്റ്റിലെ ഉജ്വല പ്രസംഗത്തിന്റെയും വിഡിയോ എല്ലാവർക്കും മുൻപിലുണ്ട്.

“പാർലമെന്റിൽ ശക്‌തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. സിപിഎമ്മിന്റെ ഏക കനലായിരുന്ന ആലപ്പുഴയിലെ ആരിഫ് പാർലമെന്റ്റിൽ സിഎഎയ്‌ക്കെതിരെ ഒരക്ഷരം മിണ്ടിയോ? യുഡിഎഫ് എംപിമാരുടെ പ്രസംഗങ്ങളെയും ഇടപെടലിനെയും കുറിച്ച് ആരുമായും സംവാദത്തിന് തയാറാണ്. കോൺഗ്രസ് ശക്തമായ നിലപാട് വ്യക്‌തമാക്കിയതാണ്. രാഹുൽ ഗാന്ധിയോളം ശക്തമായി സിഎഎയെ എതിർത്ത നേതാവിനെക്കുറിച്ചാണ് ഇല്ലാക്കഥ പറയുന്നത്. പുതുതായൊന്നും പറഞ്ഞില്ലെന്നാണ് പിണറായി പറയുന്നത്. രാഹുൽ ഒരു തവണ സൊന്നാൽ നൂറു തവണ സൊന്നമാതിരി. അതിൽ മാറ്റമുണ്ടാവില്ല. എപ്പോഴും നിലപാട് മാറ്റുന്ന പിണറായിയുടെ ജനുസ്സിൽപ്പെട്ട ആളല്ല അദ്ദേഹം. എന്നിട്ടും എങ്ങനെയാണ് മുഖ്യമന്ത്രി പദവി പോലെ ഉന്നതമായൊരു സ്ഥാനത്തിരിക്കുന്ന വ്യക്‌തി ഇങ്ങനെ കള്ളം പറയുന്നത്. പിണറായിയുടേത് നുണ നൂറ്റൊന്ന് ആവർത്തിച്ച് സത്യമാണെന്ന് വരുത്താമെന്ന ഗീബൽസിയൻ തന്ത്രമാണത്.

“പൗരത്വം കേന്ദ്രത്തിൻ്റെ പരിധിയിൽ മാത്രം വരുന്ന വിഷയമാണെന്ന് രാഷ്ട്രീയമായി പ്രാഥമിക വിവരമെങ്കിലും ഉള്ള എല്ലാവർക്കും അറിയാം. ആർഎസ്എസിനായി ഭരിച്ച് മുസ്‌ലിം വേട്ടയുടെ എല്ലാ കരിനിയമങ്ങളും പ്രയോഗിക്കുന്ന പിണറായി തിരഞ്ഞെടുപ്പ് വന്നപ്പോൾ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ മോദി സർക്കാർ നോട്ടുനിരോധനം നടപ്പാക്കിയപ്പോഴും ഇവിടെ നടപ്പാക്കാതിരുന്നുകൂടായിരുന്നോ? നിയമം നടപ്പാക്കിയാൽ മുസ്ലിം ലീഗ് ചെയ്തപോലെ സുപ്രീം കോടതിയെ സമീപിക്കാം. രാഷ്ട്രീയമായും എതിർപ്പ് പ്രകടിപ്പിക്കാം. പ്രമേയം പാസ്സാക്കാം. അല്ലാതെ സിഎഎക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെയെല്ലാം ജാമ്യമില്ലാ വകുപ്പിൽ കള്ളക്കേസ് എടുത്ത് വർഷങ്ങളായി പീഡിപ്പിക്കുന്ന പിണറായി സർക്കാറിൽ ആരെങ്കിലും പ്രതീക്ഷ വയ്ക്കുമോ?

“കേസ് പിൻവലിക്കുമെന്ന് രണ്ടാം പിണറായി സർക്കാറിനെ പിന്തുണക്കുന്നതിന് തിരഞ്ഞെടുപ്പ് ദിനം ന്യൂനപക്ഷ വിഭാഗങ്ങളുടെ പത്രങ്ങളിൽ പരസ്യം കൊടുത്തിരുന്നല്ലോ. പലതിലും വിചാരണ പൂർത്തിയായി ശിക്ഷ കഴിഞ്ഞു. വർഷം മൂന്നരയായിട്ടും തൊള്ളായിരത്തോളം കേസുകൾ കോടതിയിൽ തന്നെയാണുള്ളത്. എന്നിട്ടാണ് ആർഎസ്എസിനായി ആഭ്യന്തരം ഉൾപ്പെടെ പണയം വച്ച പിണറായിയുടെ പുതിയ കബളിപ്പിക്കൽ.

“അന്ധമായ കോൺഗ്രസ് വിരോധമാണ് സിപിഎമ്മിന്റെ എക്കാലത്തെയും മുഖമുദ്ര. അങ്ങനെയാണ് അവർ ഉപ്പുവച്ച കലം പോലെയായത്. ഇപ്പോൾ ഗതികേട് കൊണ്ട് ബംഗാളിലും ത്രിപുരയിലും തമിഴ്‌നാട്ടിലുമൊക്കെ രാഹുൽ ഗാന്ധിയുടെ പടം വച്ച് വോട്ടു പിടിക്കുന്നതും അവരല്ലേ? ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്ന് പറയുന്ന സിപിഎമ്മിൻ്റെ മുഖ്യമന്ത്രിയല്ലേ പിണറായി. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധതയും അഴിമതിയും ഒത്തുകളിയും തുറന്നുകാട്ടി ജനങ്ങളെ അണിനിരത്തും. കേരളത്തിൽ 20ൽ 20ഉം നേടുന്ന ഇന്ത്യാ മുന്നണി മുന്നൂറിലേറെ സീറ്റുമായി അധികാരത്തിൽ വരും. പുരപ്പറമ്പിലെ മുച്ചീട്ടുകളിക്കാരന്റെ റോൾ മാത്രമേ സിപിഎമ്മിന് ഉള്ളൂവെന്നും മുനീർ പരിഹസിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles