Friday, May 3, 2024

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിൽ; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചില നിർദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി

TOP NEWSKERALAസംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിൽ; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചില നിർദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ച്‌ചയായി പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ഉപയോഗത്തിലെ സർവ്വകാല റെക്കോഡായ 10.77 കോടി യൂണിറ്റാണ് ഇക്കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മുൻകാലങ്ങളിൽ പീക്ക് ലോഡ് ആവശ്യകത വൈകീട്ട് 6 മുതൽ പത്തുമണി വരെയായിരുന്നുവെങ്കിൽ ഇപ്പോഴത് രാത്രി 12 മണിയോളം ആയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം 6 മണി മുതൽ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാകുന്നു എന്ന പരാതി വ്യാപകമാണ്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങൾ കൂടുതലായി ചാർജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചു.

വൈകിട്ട് ഏഴ് മണിക്കുശേഷം പ്രസരണ വിതരണ ട്രാൻസ്ഫോർമറുകളുടെ ലോഡ് ക്രമാതീതമായി വർധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുന്നതു കാരണം ലൈനിൽ ലോഡ് കൂടി ഫ്യൂസ് പോവുന്നതും വോൾട്ടേജിൽ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്.

ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കിൽ വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവ്വഹിക്കാൻ കഴിയുമെന്നും കെ.എസ്.ഇ.ബി സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാൽ താപനില 25 ഡിഗ്രി സെൽഷ്യസിലോ അതിനുമുകളിലോ ആക്കി നിലനിർത്താൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതിൽ വൈദ്യുതി ലാഭിക്കാനുമാകും. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചില പോംവഴികളും കെ.എസ്.ഇ.ബി നിർദേശിക്കുന്നുണ്ട്.

നിർദേശങ്ങൾ-

  1. വൈകിട്ട് 6 മുതൽ 11 വരെയുള്ള സമയത്ത് തുണികൾ കഴുകുന്നതും ഇസ്തിരിയിടുന്നതും പമ്പ് സെറ്റുകളുടെ ഉപയോഗവും ഒഴിവാക്കാം.
  2. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കാം
  3. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കാം
  4. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകൽ സമയത്ത് വെള്ളം പമ്പ് ചെയ്യുകയും ആവാം
  5. വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും കഴിയുന്നിടത്തോളം ഈ സമയത്ത് ഒഴിവാക്കാം.

“രാത്രികാലത്ത് നാമുപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും കൽക്കരി നിലയങ്ങളിൽ നിന്നുള്ളതാണെന്ന വസ്‌തുതയും വിസ്‌മരിച്ചുകൂടാ. ഈ സമയത്ത് പരിസ്ഥിതി മലിനീകരണം സൃഷ്ട‌ിച്ചുകൊണ്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് നമ്മുടെ സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തമാണ്. നിലവിലെ പ്രതികൂല സാഹചര്യം തിരിച്ചറിഞ്ഞ് മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു”, കെ.എസ്.ബ.ബി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles