Wednesday, May 1, 2024

വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം; ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണം – പിണറായി വിജയൻ

TOP NEWSINDIAവർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം; 'കേരള സ്‌റ്റോറി' പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണം - പിണറായി വിജയൻ

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്‌റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച‌ രാത്രി എട്ടു മണിക്ക് സിനിമ പ്രദർശിപ്പിക്കുമെന്ന് ദൂരദർശൻ അറിയിച്ചതിനു പിന്നാലെയാണ് വിമർശനവുമായി മുഖ്യമന്ത്രിയും സിപിഎമ്മും രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിൻ്റെ ഔദ്യോഗിക വാർത്താ സംപ്രേഷണ സ്‌ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരസ്‌പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്‌പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

അതിദാരിദ്ര്യ നിർമാർജനത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ, നിതി ആയോഗിൻ്റെ അടക്കമുള്ള വിവിധ സൂചികകളിൽ മുൻപന്തിയിൽ ഉള്ള കേരളത്തെ, സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവർ ഇപ്പോൾ മതം മാറ്റത്തിൻ്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. സംഘപരിവാർ സ്‌ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയർന്നുവന്നതാണ്.

സംഘപരിവാറിന്റെ വർഗീയ അജൻഡയ്ക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്‌ഥാപനം മാറരുത്. ബിജെപി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശൻ. ഏപ്രിൽ 5ന് ഈ സിനിമ സംപ്രേഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്‌റ്റോറി സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് ദൂരദർശൻ പിന്മാറണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. വ്യത്യസ്‌ത മതവിഭാഗങ്ങൾ സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തിൽ മതവർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖലാ മാധ്യമ സ്‌ഥാപനം കൂട്ടുനിൽക്കരുത്. ഏപ്രിൽ അഞ്ചിന് രാത്രി എട്ട് മണിക്ക് ചിത്രം സംപ്രേഷണം ചെയ്യു മെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ചിത്രം ഇറങ്ങിയകാലത്ത് തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണ്. ട്രെയിലറിൽ ‘32,000 സ്ത്രീകൾ’ മതം മാറി തീവ്രവാദ പ്രവർത്തനത്തിന് പോയി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ഘട്ടത്തിൽ തന്നെ ശക്‌തമായ പ്രതിഷേധം ഉയർന്നുവന്നതാണ്.

അധിക്ഷേപകരമായ പത്ത് രംഗങ്ങൾ ഒഴിവാക്കണമെന്നതാണ് സെൻസർ ബോർഡ് തന്നെ നിർദേശിച്ച ചിത്രമാണിത്. കമ്മ്യൂണിസ്‌റ്റ് പാർട്ടികളേയും, നേതാക്കളേയും മോശമായി ചിത്രീകരിക്കുന്ന സിനിമ കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാരവേല ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തവേളയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ നീക്കമാണ് പെട്ടെന്ന് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലുള്ളത്. ഒരു മണ്ഡലത്തിലും ബിജെപിക്ക് മുന്നേറാനായിട്ടില്ലെന്ന യാഥാർത്ഥ്യവുമുണ്ട്. ആ സാഹചര്യത്തിലാണ് വർഗീയ വിഷം ചീറ്റുന്ന സിനിമ പ്രദർശനവുമായി ദൂരദർശൻ മുന്നോട്ടുവരുന്നത്. അത്തരം നീക്കങ്ങളെ മതനിരപേക്ഷ കേരളം ജാഗ്ര തയോടെ പ്രതിരോധിക്കുമെന്നും സിപിഎം അറിയിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles