Wednesday, May 1, 2024

ലീഗിന്റെയും പതാക ഒഴിവാക്കിയത് ബിജെപിയെ ഭയപ്പെട്ടിട്ടാണോ?; കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചു പിണറായി വിജയൻ

TOP NEWSINDIAലീഗിന്റെയും പതാക ഒഴിവാക്കിയത് ബിജെപിയെ ഭയപ്പെട്ടിട്ടാണോ?; കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചു പിണറായി വിജയൻ

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ്ഷോയിൽ കോൺഗ്രസിൻ്റെയും ലീഗിന്റെയും പതാക ഒഴിവാക്കിയതു ബിജെപിയെ ഭയപ്പെട്ടിട്ടാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു. സ്വന്തം കൊടിക്കുപോലും അയിത്തം കൽപ്പിക്കുന്ന ദുരവസ്‌ഥയിലേക്കു കോൺഗ്രസ് താണുപോയോയെന്നും അദ്ദേഹം വിമർശിച്ചു.

“ഇന്നലെയാണ് കോൺഗ്രസിൻ്റെ ഉയർന്ന നേതാവ് വയനാട്ടിൽ എത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്. അതിൻ് ഭാഗമായി റോഡ്ഷോയും നടത്തി. സ്വാഭാവികമായും അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം ആളുകൾ അതിന്റെ പിന്നാലെ ഉണ്ടാവുകയും ചെയ്യും. എന്നാൽ സ്വന്തം പാർട്ടി പതാക അവിടെ എവിടെയും കണ്ടില്ല എന്നുള്ളതാണു ശ്രദ്ധിക്കപ്പെട്ട കാര്യം. എന്തുകൊണ്ടാണ് അങ്ങനെ ഒരു അവസ്‌ഥ വരുന്നത്. സ്വന്തം പാർട്ടി പതാക ഉയർത്തിപ്പിടിക്കാൻപോലും കഴിവില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറുന്നത് എന്തുകൊണ്ടാണ് എന്ന സ്വാഭാവികമായ സംശയം എല്ലാവരിലും ഉണ്ടാകും.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് സ്ഥാനാർഥി ആയിട്ടാണ്. മുന്നണി സ്‌ഥാനാർഥി ആണെങ്കിലും പാർട്ടിയുടെ ദേശീയ നേതാവ് സ്ഥാനാർഥിത്വം നൽകാൻ വരുമ്പോൾ കോൺഗ്രസുകാർ ധാരാളം അവിടെ അണിനിരക്കേണ്ടി വരും. ഇവർക്കെല്ലാം എന്തുകൊണ്ടാണു കോൺഗ്രസ് പതാക തൊട്ടുകൂടാത്തത് ആയത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ആദ്യമായാണ് അദ്ദേഹം വയനാട്ടിൽ എത്തുന്നത്. സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതായത് എന്തുകൊണ്ടാണ്?

ഇതുമായി ബന്ധപ്പെട്ടു പറയുന്നതു കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ലീഗിന്റെയും കോൺഗ്രസിന്റെയും പതാക ഒഴിവാക്കി പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ റോഡ്ഷോയിൽ പങ്കെടുത്തത്. ഇത് ഒരുതരം ഭീരുത്വം അല്ലേ. മുസ്‌ലിം ലീഗിൻ്റെ വോട്ട് വേണം എന്നാൽ പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണ് എടുക്കുന്നത്? ലീഗ് പതാക ലോകത്തെ കാണിക്കുന്നതിൽനിന്ന് ഒളിച്ചോടാൻ, സ്വന്തം കൊടിക്കു പോലും അയിത്തം കൽപ്പിക്കുന്ന ദുരവസ്‌ഥയിലേക്ക് കോൺഗ്രസ് എന്തുകൊണ്ടാണ് താണുപോയത്. കോൺഗ്രസ് നേതാക്കൾക്ക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്നൊരു സംശയം സ്വാഭാവികമായും ഇതൊക്കെ കാണുമ്പോ ഉണ്ടാകും. ചിലർ സൗകര്യപൂർവം ആ ചരിത്രം വിസ്മ‌രിക്കുകയാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൻ്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പതാക ഉയർത്തിപ്പിടിക്കാനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെക്കൂടി മറന്നിരിക്കുന്നു. 1921ൽ ഇന്ത്യയെ പ്രതിനീധീകരിക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ ആശയത്തെ പ്രതിനിധീകരിക്കുന്ന ഒരു പതാക എന്നത് മഹാത്മാ ഗാന്ധിയുടെ ആശയമായിരുന്നു. സ്വരാജ് ഫ്ലാഗ് എന്നു പേരിട്ട ആ ത്രിവർണ പതാക എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ പ്രതിനിധീകരിക്കുന്നു എന്ന ആശയമായിരുന്നു ഗാന്ധിജി മുന്നോട്ടു വച്ചത്.

ആ പതാകയുടെ അടിസ്‌ഥാന സത്ത ഉൾക്കൊണ്ടാണ് ഇന്ത്യ എന്ന മഹത്തായ ജനാധിപത്യ റിപബ്ലിക്കിൻ്റെ പാതകയ്ക്കും രൂപം നൽകിയതെന്ന് ഓർക്കണം. ഈ പതാക ഉയർത്തിപ്പിടിക്കാൻ സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ രാജ്യത്ത് എത്ര കോൺഗ്രസുകാർ ബ്രിട്ടിഷ് പൊലീസിൻ്റെ മൃഗീയ മർദനം വാങ്ങിയിട്ടുണ്ട്, എത്ര ദേശീയ പ്രസ്ഥാനത്തിൻ്റെ നേതാക്കൾ കോടിയ മർദനത്തിന് ഇരയായിട്ടുണ്ട്.

ഈ ചരിത്രം കോൺഗ്രസുകാർക്ക് അറിയില്ലേ. ഇങ്ങനെ ജ്വലിക്കുന്ന ഇന്നലെകളുള്ള പതാക പിന്നീടു കോൺഗ്രസ് സ്വന്തം കൊടിയാക്കി. എന്നാലും അതിൻ്റെ ചരിത്രത്തെ വിസ്‌മരിക്കാനാകില്ല. ആ ചരിത്രമാണു നിർണായക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ ഭയന്ന് ഒളിപ്പിച്ചുവയ്ക്കുന്നത്. സ്വന്തം പതാക ഉയർത്താതെ വർഗീയവാദികളെ ഭയന്നു പിന്മാറുംവിധം കോൺഗ്രസ് അധഃപതിച്ചിരിക്കുന്നു.

ത്രിവർണ പതാക കോൺഗ്രസ് ഉപേക്ഷിക്കണം എന്നതു സംഘപരിവാർ ഉയർത്തിയ ആവശ്യമാണ്. അതിനു വഴങ്ങുകയാണോ കോൺഗ്രസ്. കേവലം തിരഞ്ഞെടുപ്പ് തന്ത്രമായി ചുരുക്കി കാണാൻ കഴിയുന്ന അനുഭവമല്ല ഇത്. സ്വന്തം പതാക വേണോ വേണ്ടയോ എന്നു കോൺഗ്രസിനും ലീഗിനും തീരുമാനിക്കാം. എന്നാൽ സ്വന്തം അസ്‌ഥിത്വം പണയപ്പെടുത്തുകയല്ല ചെയ്യേണ്ടത്”- മുഖ്യമന്ത്രി പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles