Saturday, May 4, 2024

ഉപ്പുതിന്നവൻ വെള്ളം കുടിക്കും; മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആരായാലും നിയമത്തിന് മുന്നിൽ വരേണ്ടി വരും – കെ. സുരേന്ദ്രൻ

TOP NEWSKERALAഉപ്പുതിന്നവൻ വെള്ളം കുടിക്കും; മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആരായാലും നിയമത്തിന് മുന്നിൽ വരേണ്ടി വരും - കെ. സുരേന്ദ്രൻ

മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആരായാലും നിയമത്തിന് മുന്നിൽ വരേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇ.ഡി അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ സർക്കാരിന് ഭയമില്ലെന്നും തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവേയായിരുന്നു സുരേന്ദ്രൻ്റെ പരാമർശം.

തുമ്മിയാൽ മൂക്ക് തെറിക്കണമെന്ന് ഞങ്ങളാരോടും പറഞ്ഞിട്ടില്ല. ഉപ്പുതിന്നവൻ വെള്ളം കുടിക്കുമെന്നേ പറഞ്ഞിട്ടുള്ളൂ. അതിപ്പോൾ ഭർത്താവായാലും മരുകനായാലും അമ്മായിയപ്പനായാലും ഉപ്പുതിന്നവൻ വെള്ളം കുടിക്കും. മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കിൽ, അനധികൃതമായി കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ല.

അഴിമതി നടത്തിയിട്ടില്ലെങ്കിൽ ആരും തുമ്മാനും പോകുന്നില്ല ആരുടെയും മൂക്ക് തെറിക്കാനും പോകുന്നില്ല. അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ആര് ശ്രമിച്ചാലും മൂക്ക് തെറിക്കാതിരിക്കുകയുമില്ല. എല്ലാവരും നിയമത്തിന് അധീനരാണ് എന്നകാര്യം എല്ലാവരും ഓർത്തിരുന്നാൽ നല്ലത്.

കെജ്രിവാൾ കുറ്റമൊന്നും ചെയ്‌തിട്ടില്ല എന്നാണ് മാധ്യമങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. എന്നിട്ട് അദ്ദേഹത്തെ ഏഴ് ദിവസത്തെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിടുകയാണ് സുപ്രീംകോടതി ചെയ്‌തത്‌. ഒരു കുറ്റവും ചെയ്തില്ല എന്ന് എൽഡിഎഫും യുഡിഎഫും വെറുതെ പ്രചരിപ്പിക്കുകയാണ്. കുറ്റം ചെയ്തവരാണ് നിയമത്തിനുമുന്നിൽ എത്തുന്നത്. കുറ്റം ചെയ്യാത്തവർ പേടിക്കേണ്ട കാര്യമില്ല.

കേരളത്തിലെ സഹകരണ മേഖലയിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ അഴിമതി നടക്കുന്നുണ്ട്. അതിന്റെ പേരിലാണ് ഇവരുടെ ഇപ്പോഴത്തെ ഐക്യമെന്നും സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയനും മകളും മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കിൽ രമേശ് ചെന്നിത്തല അടക്കമുള്ളവരും വാങ്ങിയിട്ടുണ്ട്. അഴിമതി നടത്തിയവരുടെ വേവലാതിയാണ് ഐക്യപ്പെടലിന് കാരണം. ഈ അഴിമതിക്കാർക്കെതിരെ ആണ് എൻഡിഎയുടെ പോരാട്ടം.

കള്ളന്മാരെല്ലാം വിചാരിക്കുന്നത് വട്ടത്തിൽ കൂടിനിന്നാൽ രക്ഷപ്പെടാമെന്നാണ്. കള്ളന്മാരുടെ മനസ്ഥിതി അങ്ങനെയാണ്. ആര് എവിടെയൊക്കെ പോയി ആരെ കണ്ടാലും എന്തൊക്കെ ചെയ്‌താലും അഴിമതിക്കാർ കുടുങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു. കൊടകര വിഷയത്തിൽ തൻ്റെ പേരിൽ ഒരുകേസുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ആരുവിചാരിച്ചാലും കേസെടുക്കാനാകില്ല. അവിടെ കുഴൽപ്പണ ഇടപാട് നടന്നിട്ടില്ല, പിന്നെങ്ങനെ കേസെടുക്കുമെന്നും സുരേന്ദ്രൻ ചോദിച്ചു.

ബിജെപിയിൽ എത്തിയാൽ അഴിമതി ഇല്ലാതാകുമെന്ന ആരോപണം പ്രതിപക്ഷം എല്ലാക്കാലത്തും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് കോൺഗ്രസാണ്. ഡൽഹി പി.സി.സി. അധ്യക്ഷന്റെ കത്ത് പുറത്തുവരികയും ചെയ്‌തു. ഇപ്പോൾ അറസ്റ്റ് നടന്നപ്പോൾ അത് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles