Friday, May 3, 2024

സ്‌മാർട്ഫോൺ വിപണിയെ ആപ്പിൾ തങ്ങളുടെ കുത്തകയാക്കുന്നു; ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം

Newsസ്‌മാർട്ഫോൺ വിപണിയെ ആപ്പിൾ തങ്ങളുടെ കുത്തകയാക്കുന്നു; ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം

സാങ്കേതിക വിദ്യാ രംഗത്തെ മുൻനിര കമ്പനിയായ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം. സ്‌മാർട്ഫോൺ വിപണിയെ ആപ്പിൾ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്.

തങ്ങൾക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും എതിരാളികളുടെ ഉൽപ്പന്നങ്ങളിലേക്ക് ഉപഭോക്താക്കൾ ആകർഷിക്കുപ്പെടുന്നത് കുറയ്ക്കാൻ നിയമവിരുദ്ധമായ നടപടികൾ കമ്പനി കൈക്കൊള്ളുന്നതായി യുഎസ് ജസ്റ്റിസ് വകുപ്പ് ആരോപിക്കുന്നു. ഉപഭോക്താക്കളെയും ഡെവലപ്പർമാരെയും ചങ്ങലയ്ക്കിടുന്ന തരത്തിലാണ് ഐഫോൺ ആപ്പ്സ്റ്റോറിലെ നിയന്ത്രണങ്ങൾ എന്നും പരാതിയിൽ ആരോപിച്ചു.

ന്യൂജേഴ്സിയിലെ ഫെഡറൽ കോടതിയിലും 16 സംസ്ഥാനങ്ങളിലെ അറ്റോർണികൾക്കും ആപ്പിളിനെതിരെ പരാതി നൽകിയിട്ടുണ്ട്. ആപ്പിൾ ഇതുവരെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരിക്കും ഇത്. കഴിഞ്ഞ കുറേ വർഷക്കാലമായുള്ള ആപ്പിളിൻ്റെ പ്രവർത്തന രീതിയെ ആകമാനം ചോദ്യം ചെയ്‌തുകൊണ്ടാണ് പരാതി.

വിപണിയിലെ ആധിപത്യം ആപ്പിൾ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയിൽ ആരോപിക്കുന്നു. ഒട്ടനവധി സേവനങ്ങൾ ഒന്നിച്ച് ലഭിക്കുന്ന സൂപ്പർ ആപ്പുകൾ, സട്രീമിങ് ആപ്പുകൾ എന്നിവ വികസിപ്പിക്കുന്നത് തടയുന്നതിന് ആപ്പിൾ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. അത്തരം ആപ്പുകൾ ഉപഭോക്താക്കൾ ഐഫോണിൽ തന്നെ നിൽക്കുന്നതിന് സഹായിക്കില്ലെന്ന് കണ്ടാണ് ഇത്.

എതിരാളികളായ കമ്പനികൾ നിർമിക്കുന്ന സ്‌മാർട് വാച്ചുകൾ ഐഫോണുമായി ബന്ധിപ്പിക്കുന്നത് കമ്പനി മനപ്പൂർവം സങ്കീർണമാക്കുന്നു. ഫോണിലെ ടാപ് ടു പേ എൻഎഫ്സി സാങ്കേതിക വിദ്യ ബാങ്കുകൾക്കും മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്കും നൽകുന്നില്ല. പകരം അത് ആപ്പിൾ പേ ഇടപാടുകൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുകയും പ്രൊസസിങ് ഫീസ് ഇനത്തിൽ ലാഭമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

ആൻഡ്രോയിഡ് ഉൾപ്പടെയുള്ള മറ്റ് ഫോണുകളിൽ നിന്നുള്ള സന്ദേശങ്ങളെ പച്ച ബബിളുകളിലാക്കി വേർതിരിക്കുന്നു. ഒപ്പം വീഡിയോ അയക്കുന്നതിനും മറ്റ് സന്ദേശങ്ങളയക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുന്നു.

എന്നാൽ തങ്ങളുടെ ഉപഭോക്താക്കൾ സന്തുഷ്‌ടരാണെന്നും അക്കാരണത്താൽ അവർക്ക് തങ്ങളെ വിശ്വാസമുണ്ടെന്ന് ആപ്പിൾ പറഞ്ഞു. യുഎസ് നിയമം അനുസരിച്ച് വ്യവസായ പങ്കാളികളെ തിരഞ്ഞെടുക്കാൻ തങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും മുൻനിർത്തിയാണ് തങ്ങളുടെ നിയമങ്ങളെന്നും കമ്പനി പറഞ്ഞു.

പരാതി വസ്തുനിഷ്‌ടമല്ലെന്നും നിയമവിരുദ്ധമാണെന്നും കമ്പനി ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതിനിടെ എപിക് ഗെയിംസ്, മെറ്റ, ആമസോൺ ഉൾപ്പടെയുള്ള കമ്പനികൾ ആപ്പിളിന്റെ കുത്തക നിലപാടുകൾക്കെതിരെ വിവിധ ആരോപണങ്ങളുമായി കേസ് നൽകിയിട്ടുണ്ട്. ആപ്പ് സ്റ്റോറിലെ ഇൻ ആപ്പ് പർച്ചേസ് പണമിടപാടുകളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളാണ് അതിൽ പ്രധാനം.

ആപ്പിളിന്റെ പണമിടപാട് സംവിധാനങ്ങൾ വഴി നടത്തുന്ന ഇടപാടുകൾക്ക് 30 ശതമാനം വരെയാണ് ആപ്പിൾ കമ്മീഷൻ ഇടാക്കുന്നത്. ഇതിനെതിരെ ഡെവലപ്പർമാർ കോടതിയെ സമീപിക്കുകയും പുറത്തുനിന്നുള്ള പേമെന്റ് സേവനങ്ങളുടെ ലിങ്കുകൾ നൽകാൻ കോടതി അനുവദിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോഴും ആപ്പിൾ 27 ശതമാനം വരെ കമ്മീഷൻ ഇടാക്കുന്നുണ്ടെന്നും. പുറത്തുനിന്നുള്ള പേമെൻ്റ് ലിങ്കുകൾ ഉപഭോക്താക്കളിലെത്തിക്കുന്നതിന് തടസങ്ങൾ സൃഷ്ട‌ിക്കുന്നുവെന്നും ഡെവലപ്പർമാർ ആരോപിക്കുന്നു.

ടെക്ക് വിപണിയിലെ ഇത്തരം കുത്തക നിലപാടുകൾക്കെതിരെയാണ് യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ മാർക്കറ്റ്സ് ആക്‌ട് അവതരിപ്പിച്ചത്. ഈ നിയമം വന്നതോടെയാണ് ആപ്പിളിന് തേഡ് പാർട്ടി ആപ്പ് സ്റ്റോറുകൾക്ക് ഐഫോണിലും ഐപാഡിലും അനുവാദം നൽകേണ്ടി വന്നത്. ഇത് കൂടാതെ ടാപ് ടു പേ സംവിധാനവും മറ്റ് കമ്പനികൾക്ക് നൽകേണ്ടതായിവരും.

യുഎസ് നിയമനടപടിയുമായി മുന്നോട്ട് പോയാൽ യുഎസിലും ആപ്പിളിനെതിരെ കർശനമായ നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടേക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles