Friday, May 3, 2024

ആം ആദ്‌മി പാർട്ടി നൽകിയ ഹർജി സ്പെഷൽ ബെഞ്ച് ഉച്ചയ്ക്കുശേഷം പരിഗണിക്കും; ഇന്നു ചേരാനിരുന്ന ഡൽഹി നിയമസഭ സമ്മേളനം റദ്ദാക്കി

TOP NEWSINDIAആം ആദ്‌മി പാർട്ടി നൽകിയ ഹർജി സ്പെഷൽ ബെഞ്ച് ഉച്ചയ്ക്കുശേഷം പരിഗണിക്കും; ഇന്നു ചേരാനിരുന്ന ഡൽഹി നിയമസഭ സമ്മേളനം റദ്ദാക്കി

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്തതിനെതിരെ ആം ആദ്‌മി പാർട്ടി നൽകിയ ഹർജി ജഡ്‌ജിമാരായ സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി, എം.എം. സുന്ദരേഷ് എന്നിവരുടെ സ്പെഷൽ ബെഞ്ച് പരിഗണിക്കും. കേജ്‌രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി വിഷയം ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ഉന്നയിച്ചു. എന്നാൽ, ജസ്‌റ്റിസ്‌ സഞ്ജീവ് ഖന്ന അധ്യക്ഷനായ സ്പെഷൽ ബെഞ്ചിൽ ഉന്നയിക്കാൻ ചീഫ് ജസ്‌റ്റിസ് നിർദേശിച്ചു.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്ത‌തിനെതിരായ ആം ആദ്‌മി പാർട്ടി പ്രതിഷേധം കണക്കിലെടുത്തു തലസ്‌ഥാനത്തു ഡൽഹി പൊലീസ് കനത്ത സുരക്ഷയൊരുക്കി. ഐടിഒയിലെ ആം ആദ്‌മി പാർട്ടി കേന്ദ്രത്തിനു സമീപത്തെ മെട്രോ സ്‌റ്റേഷൻ വൈകിട്ട് 6 വരെ അടച്ചിട്ടിരിക്കുകയാണ്. ഇവിടേക്കുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു. പാർട്ടി ഭാരവാഹികളും അണികളും രാവിലെ തന്നെ പാർട്ടി ഓഫിലെത്തണമെന്നു പാർട്ടി ആഹ്വാനം ചെയ്തിരുന്നു. ദീൻ ദയാൽ ഉപാധ്യായ റോഡിൽ ഇന്നലെ അർധരാത്രി മുതൽ ജലപീരങ്കികളും ബാരിക്കേഡുകളും നിരത്തി അർധ സൈനിക വിഭാഗങ്ങവും അണിനിരന്നു.

ഇഡിയുടെ കസ്‌റ്റഡിയിൽ രാത്രി കേജ്‌രിവാൾ ഉറങ്ങിയിരുന്നില്ല. കുടുംബം നൽകിയ പുതുപ്പും മരുന്നുകളും ഉദ്യോഗസ്ഥർ അദ്ദേഹത്തിനു കൈമാറിയിരുന്നു. ഇഡി ഇന്നും കേജ്‌രിവാളിനെ ചോദ്യം ചെയ്യുകയാണ്. അദ്ദേഹത്തെ ഇന്ന് ഉച്ചയ്ക്കുശേഷം ജസ്‌റ്റിസ് കാവേരി ബവേജയുടെ മുന്നിൽ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും.

അതിനിടെ, ഇന്നു ചേരാനിരുന്ന ഡൽഹി നിയമസഭ സമ്മേളനം റദ്ദാക്കി. നിയമസഭ 27ന് രാവിലെ 11ന് ചേരും.
കേജ്‌രിവാളിന്റെ കുടുംബത്തെ സന്ദർശിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാവിലെ ഡൽഹിക്കു തിരിച്ചു. എന്തുതന്നെ സംഭവിച്ചാലും കേജ്‌രിവാളിനൊപ്പം നിൽക്കുമെന്നു ഭഗവന്ത് മൻ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കുടുംബത്തെ സന്ദർശിക്കും.
ആം ആദ്‌മി പാർട്ടി രാജ്യാവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ അണി ചേരാൻ ഇന്ത്യാമുന്നണിയെയും ക്ഷണിച്ചിട്ടുണ്ട്.

ബ്രിട്ടിഷുകാർ പോലും ഇന്ത്യയിൽ കാണിച്ചിട്ടില്ലാത്ത കിരാത രൂപത്തിലാണ് കേന്ദ്ര സർക്കാർ പെരുമാറുന്നതെന്ന് ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് രാവിലെ പത്രസമ്മേളനത്തിൽ ആരോപിച്ചു. കുടുംബത്തിൻ്റെ മുന്നിൽനിന്നാണ് അദ്ദേഹത്തെ കൊടുംകുറ്റവാളിയെപ്പോലെ അറസ്‌റ്റ് ചെയ്‌തു കൊണ്ടു പോയത്. ഒരു തരി മനുഷ്യത്വം പോലും കാണിച്ചില്ല. ഇന്നലെ രാത്രി മുതൽ കുടുംബത്തിലെ ഒരാളെപ്പോലും കേജ്‌രിവാളിനെക്കാണാൻ അനുവദിച്ചിട്ടില്ല. രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ വൃദ്ധരായ മാതാപിതാക്കളോടുമാണു കേന്ദ്ര സർക്കാർ ഈ ക്രൂരത ചെയ്യുന്നതെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.

ആം ആദ്‌മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ബിജെപി ഓഫിസ് പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടെയും പൊലീസിനു പുറമെ അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ കേജ്‌രിവാളിൻ്റെ കുടുംബത്തെ കാണാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന് എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു.

മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോൾ രാജ്യത്ത് അറസ്‌റ്റിലാകുന്ന ആദ്യത്തെയാളാണ് കേജ്‌രിവാൾ. അദ്ദേഹത്തിൻ്റെ ആരോഗ്യത്തിലും സുരക്ഷയിലും കടുത്ത ആശങ്കയുണ്ടെന്നു മന്ത്രി അതിഷി രാവിലെ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles