Friday, May 3, 2024

ഗൂഗിൾ മെറ്റ പോലുള്ള വൻകിട സാങ്കേതികവിദ്യാ കമ്പനികളെ നിയന്ത്രിക്കാനുള്ള നിയമം; നിർദേശവുമായി കേന്ദ്ര കമ്പനികാര്യ വകുപ്പ്

TOP NEWSINDIAഗൂഗിൾ മെറ്റ പോലുള്ള വൻകിട സാങ്കേതികവിദ്യാ കമ്പനികളെ നിയന്ത്രിക്കാനുള്ള നിയമം; നിർദേശവുമായി കേന്ദ്ര കമ്പനികാര്യ വകുപ്പ്

ഗൂഗിൾ മെറ്റ പോലുള്ള വൻകിട സാങ്കേതികവിദ്യാ കമ്പനികളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരണമെന്ന നിർദേശവുമായി ഡിജിറ്റൽ കോമ്പറ്റീഷൻ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്പനികാര്യ വകുപ്പ് നിയോഗിച്ച കമ്മറ്റി. മാർച്ച് 12-നാണ് കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചത്. വിപണിയെ നിയന്ത്രിക്കാൻ നിലവിൽ ഉപയോഗിക്കുന്ന 2002-ലെ കോമ്പറ്റീഷൻ നിയമം ഡിജിറ്റൽ വിപണിയെ നിയന്ത്രിക്കാൻ അപര്യാപ്‌തമാണെന്ന് പറഞ്ഞ സമിതി പുതിയ നിയമം വേണമെന്ന നിർദേശം മുന്നോട്ടുവെച്ചു.

ഇന്ന് കാണുംവിധം ഡിജിറ്റലൈസേഷനുള്ള വ്യാപ്‌തിയും വേഗവും മുൻകൂട്ടി കാണാൻ സാധിക്കാത്ത സമയത്താണ് കോമ്പറ്റീഷൻ നിയമത്തിലെ ചട്ടക്കൂട് തയ്യാറാക്കിയതെന്നും സമിതി പറയുന്നു. കോമ്പറ്റീഷൻ നിയമത്തിന് പകരമെന്നോണം വൻകിട ഡിജിറ്റൽ കമ്പനികളുടെ മത്സരവിരുദ്ധ നടപടികൾ നേരിടുന്നതിനായി ഡിജിറ്റൽ കോമ്പറ്റീഷൻ ആക്‌ട് രൂപവത്കരിക്കണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്. ഡിജിറ്റൽ വിപണിയിൽ വലിയ സ്വാധീനമുള്ള കമ്പനികളെ ലക്ഷ്യമിട്ടുള്ള കരട് നിയമമാണ് സമിതി തയ്യാറാക്കിയിരിക്കുന്നത്.

ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാൻ 2002 ലെ കോമ്പറ്റീഷൻ നിയമം പര്യാപ്‌തമാണോ എന്നും ഡിജിറ്റൽ വിപണിയെ നിയന്ത്രിക്കാൻ പ്രത്യേകം നിയമം ആവശ്യമാണോ എന്നും പരിശോധിക്കുന്നതിന് വേണ്ടി 2023 ഫെബ്രുവരി ആറിനാണ് ഡിജിറ്റൽ കോമ്പറ്റീഷൻ നിയമത്തിന് വേണ്ടിയുള്ള പാർലമെന്റ്റ് കമ്മറ്റി രൂപീകരിച്ചത്.

ഡിജിറ്റൽ വിപണിയിലെ ശക്തമായ നെറ്റ് വർക്ക് ഇഫക്‌ടുകൾ കൊണ്ട് കമ്പനികൾക്ക് അവരുടെ ഉപഭോക്ത്യ അടിത്തറ അതിവേഗം ശക്തിപ്പെടുത്താനും വിപണിയിൽ ആധിപത്യം സ്ഥാപിക്കാനും കഴിയും. ഇത് മത്സരവിരുദ്ധ പ്രവണതയ്ക്ക് വഴിവെക്കുമെന്ന് സമിതി പറയുന്നു. വിപണിയിലെ മത്സര ക്ഷമത കുറയ്ക്കുക, വിപണിയിൽ പുതിയതായി പ്രവേശിക്കുന്നവർക്ക് തടസങ്ങൾ സൃഷ്ട‌ിക്കുക തുടങ്ങി മുൻനിര കമ്പനികൾക്ക് മത്സരത്തെ തടയിടാനുള്ള രീതികൾ അവലംബിക്കാൻ ഇത് അവസരം നൽകുന്നു.

ഒരു കേന്ദ്ര ഡിജിറ്റൽ സേവനവുമായി ബന്ധപ്പെട്ട വിപണിയിൽ സുപ്രധാന സാന്നിധ്യമുള്ള സ്ഥാപനങ്ങളെയാണ് സമിതി തയ്യാറാക്കിയ കരട് നിയമം ലക്ഷ്യമിടുന്നത്. ‘സിസ്റ്റമിക്കലി സിഗ്നിഫിക്കന്റ്റ് ഡിജിറ്റൽ എൻ്റർപ്രൈസ്’ അഥവാ എസ്എസ്‌ഡിഇകൾ എന്നാണ് ഇത്തരം സ്ഥാപനങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles