Sunday, May 19, 2024

മമതയെ വിശ്വസിക്കരുതെന്ന് തെളിയിച്ചിരിക്കുകയാണ്; തൃണമൂൽ കോൺഗ്രസിന് മറുപടിയുമായി കോൺഗ്രസ്

Electionമമതയെ വിശ്വസിക്കരുതെന്ന് തെളിയിച്ചിരിക്കുകയാണ്; തൃണമൂൽ കോൺഗ്രസിന് മറുപടിയുമായി കോൺഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു വ്യക്തമാക്കി ആകെയുള്ള 42 സീറ്റിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിന് മറുപടിയുമായി കോൺഗ്രസ്. ബംഗാളിൽ തൃണമൂലുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധിതവണ വ്യക്തമാക്കിയിരുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

“ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധിതവണ വ്യക്തമാക്കിയിരുന്നു. അത്തരമൊരു കരാറിന് ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല, ചർച്ചകളിലൂടെയാണ് അന്തിമരൂപം നൽകേണ്ടതെന്നാണ് കോൺഗ്രസ് കരുതുന്നത്. ബിജെപിക്ക് എതിരെ ഒന്നിച്ചു പോരാടൻ ഇന്ത്യാ സഖ്യം വേണമെന്നായിരുന്നു കോൺഗ്രസിൻ്റെ ആഗ്രഹം.” – ജയറാം രമേശ് കുറിച്ചു.

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയും മമതയ്ക്ക് എതിരെ രൂക്ഷവിമർശനം ഉയർത്തി. “മമതയെ പോലൊരു നേതാവിനെ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും വിശ്വസിക്കരുതെന്ന് തെളിയിച്ചിരിക്കുകയാണ്. താൻ ഇന്ത്യ സഖ്യത്തിൽ തുടർന്നാൽ പ്രധാനമന്ത്രി അസന്തുഷ്‌ടനാകുമോ എന്ന ഭയമാണ് മമതയ്ക്ക്. ഇന്ത്യ സഖ്യം വിട്ടതോടെ താൻ ബിജെപിക്ക് എതിരെ പോരാടുന്നില്ലെന്നും അസന്തുഷ്‌ടി വേണ്ടെന്നും മമത പ്രധാനമന്ത്രിക്കു വ്യക്‌തമായ സന്ദേശം നൽകി”.- അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കായി വാതിലുകൾ ഇപ്പോഴും തുറന്നുകിടക്കുന്നെന്നു കോൺഗ്രസ് പറഞ്ഞു ദിവസങ്ങൾക്കു പിന്നാലെയാണ് ഇന്ത്യാ സഖ്യത്തിനൊപ്പമില്ലെന്നു വ്യക്‌തമാക്കി തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാറാലിയിൽ 42 സ്‌ഥാനാർഥികളുടെ പട്ടിക തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത പ്രഖ്യാപിക്കുകയായിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles