Saturday, May 4, 2024

ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം; ചൈനയുമായി സുപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെട്ട് മാലദ്വീപ്

TOP NEWSINDIAഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം; ചൈനയുമായി സുപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെട്ട് മാലദ്വീപ്

ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം തുടരുന്നതിനിടെ ചൈനയുമായി സുപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെട്ട് മാലദ്വീപ്. ചൈന സൗജന്യമായി സൈനിക സഹായം ലഭ്യമാക്കുന്ന സഹകരണ കരാറിലാണ് ഇരുരാജ്യങ്ങളും തിങ്കളാഴ്‌ച ഒപ്പുവച്ചത്. ഉഭയകക്ഷി ബന്ധം ശക്ത‌ിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണു നീക്കം.

മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിൻ്റെ അന്ത്യശാസനത്തിനു പിന്നാലെയാണു ചൈനയോട് അടുക്കുന്നതെന്നതു ശ്രദ്ധേയം. സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാലദ്വീപ് പ്രതിരോധമന്ത്രി മുഹമ്മദ് ഖാസൻ മൗമൂനും ചൈനയുടെ രാജ്യാന്തര സൈനിക സഹകരണ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ട‌ർ മേജർ ജനറൽ സാങ് ബൗഖുനും ചർച്ച നടത്തി. സഹകരണ കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

12 പരിസ്‌ഥിതി സൗഹൃദ ആംബുലൻസുകളും മാലദ്വീപിനു ചൈന നൽകിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനയുടെ ചാരക്കപ്പലിനു നങ്കൂരമിടാൻ മാലദ്വീപ് അനുമതി നൽകിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മുൻനിർത്തി ഇതേ ചാരക്കപ്പലിന് ഇക്കഴിഞ്ഞ ജനുവരിയിൽ ശ്രീലങ്ക അനുമതി കൊടുത്തിരുന്നില്ല. മാലദ്വീപിലെ ഇന്ത്യൻ സൈനിക സാങ്കേതികവിദഗ്‌ധരെ പിൻവലിക്കുന്നതിനു പകരമായി സിവിലിയൻ വിദഗ്‌ധരെയാണു നിയമിച്ചിരിക്കുന്നത്.

മാലദ്വീപിൽ ഇന്ത്യാവിരുദ്ധ ജനവികാരം ഉയർത്തി അധികാരത്തിലെത്തിയ പ്രസിഡൻ്റ് മുയ്‌സുവിൻ്റെ ആവശ്യപ്രകാരമാണ് ഇന്ത്യ നിർമിച്ചുനൽകിയ തീരദേശ റഡാർ ശൃംഖലയും പര്യവേക്ഷണ ഹെലികോപ്റ്ററും പട്രോൾ ബോട്ടും പ്രവർത്തിപ്പിക്കുന്ന സൈനിക സാങ്കേതികവിദഗ്‌ധരെ പിൻവലിക്കാൻ നിർബന്ധിതമായത്. ചർച്ചകളെത്തുടർന്ന് സിവിലിയൻ വിദഗ്‌ധരെ പകരം അയയ്ക്കാൻ മാലദ്വീപ് സർക്കാർ അനുവദിച്ചു. മാലദ്വീപിൽ ഉണ്ടായ കോട്ടം തീർക്കാനെന്നവണ്ണം അൽപം കൂടി തെക്കുപടിഞ്ഞാറുള്ള മൊറീഷ്യസുമായി നേരത്തേ നിലവിലുള്ള ധാരണയനുസരിച്ച് പുതിയ സാമുദ്രികശാക്‌തിക നിക്ഷേപത്തിനുള്ള നീക്കത്തിലാണ് ഇന്ത്യ.

spot_img

Check out our other content

Check out other tags:

Most Popular Articles