Thursday, May 9, 2024

റഷ്യൻ യുദ്ധമുഖത്തു കുടുങ്ങിയതു 20 ഇന്ത്യക്കാർ; ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

TOP NEWSINDIAറഷ്യൻ യുദ്ധമുഖത്തു കുടുങ്ങിയതു 20 ഇന്ത്യക്കാർ; ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

റഷ്യൻ യുദ്ധമുഖത്തു കുടുങ്ങിയതു 20 ഇന്ത്യക്കാരെന്ന് സ്‌ഥിരീകരിച്ചു. ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 20 പേർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടതായാണു വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധിർ ജയ് സ‌്വാൾ പറഞ്ഞു.

ഇന്ത്യക്കാർ റഷ്യൻ യുദ്ധമുഖത്തു കുടുങ്ങിക്കിടക്കുന്നതു സംബന്ധിച്ചു കേന്ദ്രത്തിന് വിവരം ലഭിക്കുന്നത് ഫെബ്രുവരി 23 നാണു. ഇവരുടെ മോചനത്തിനായി ശ്രമിക്കുകയാണെന്നും കേന്ദ്രം തുടർന്നു വ്യക്തമാക്കിയിരുന്നു. റഷ്യയിൽ ആർമി സെക്യൂരിറ്റി ഹെൽപർ തസ്‌തികയിലേക്കു ജോലിക്കു പോയവരെയാണ് യുക്രെയ്ന‌ിലെ ഡോണെറ്റ്സ്‌കിൽ യുദ്ധമുഖത്തു റഷ്യ ഡ്യൂട്ടിക്കു നിയോഗിച്ചത്.

അവിടെനിന്നു രക്ഷപ്പെട്ട് ആശുപത്രിയിലെത്തിയവരിലൊരാളുടെ കുടുംബാംഗങ്ങൾ അസദുദ്ദീൻ ഉവൈസി എംപിയെ ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. യുപി, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ളവരാണ് യുട്യൂബ് ചാനലിലെ വിവരം കണ്ട് ഫസൽഖാൻ എന്ന ഏജന്റ്റ് വഴി നവംബറിൽ റഷ്യയിലെത്തിയത്.

മോസ്കോയ്ക്കു സമീപം ടെൻ്റിൽ താമസിപ്പിച്ച് 2 മാസം ആയുധപരിശീലനം നൽകുകയും തുടർന്ന് ഡോണെറ്റ്സ്ക്‌കിലേക്കു തള്ളിവിടുകയുമായിരുന്നുവെന്നാണു വിവരം. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടി സൈന്യത്തിന്റെ സാമഗ്രികൾ ചുമക്കാനേൽപിച്ചു. പലവട്ടം വെടിവയ്‌പ് നേരിട്ടു. പാസ്പോർട്ട് ഇല്ലാത്തതിനാൽ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽനിന്നു സഹായം ലഭിച്ചില്ലെന്നും അവർ പരാതിപ്പെട്ടു.

spot_img

Check out our other content

Check out other tags:

Most Popular Articles