Thursday, May 2, 2024

ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോഗി രോഗവിമുക്തനായി

LIFESTYLEHEALTHഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോഗി രോഗവിമുക്തനായി

ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോഗി രോഗവിമുക്തനായി. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകരിച്ച CAR-T സെൽ തെറാപ്പിയാണ് കാൻസർ രോഗിക്ക് തുണയായത്. ഡോ. വി.കെ. ഗുപ്‌തയാണ് ഈ ചികിത്സയുടെ ആദ്യ ഗുണഭോക്താവായത്.

NexCAR19 എന്ന പേരിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ഈ ചികിത്സാരീതി ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താർബുദ രോഗികളിൽ കൂടുതൽ ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്. രോഗിയുടെ രക്തത്തിൽ നിന്ന് ഇമ്മ്യൂൺ സെല്ലുകളായ ടി-സെല്ലുകളെ വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ പരിഷ്കരിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ചികിത്സയ്ക്കൊടുവിൽ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് കൂടിയായ ഡോ. വി.കെ.ഗുപ്ത കാൻസർ വിമുക്തനായെന്ന് ഇന്ത്യൻ എക്‌സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

മജ്ജമാറ്റിവെക്കൽ ചികിത്സയും പരാജയപ്പെട്ടതോടെയാണ് വി.കെ.ഗുപ്‌തയിൽ CAR-T സെൽ തെറാപ്പി പരീക്ഷിച്ചത്. രോഗിയുടെ പ്രതിരോധശേഷിയെ ജനിതകപരമായി പരിഷ്‌കരിച്ചെടുത്ത് കാൻസർ സെല്ലുകളോട് പോരാടാൻ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്- 2023 ഒക്ടോബറിലാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ ചികിത്സാരീതിക്ക് അംഗീകാരം നൽകിയത്.

ടാറ്റാ മെമോറിയൽ സെൻ്ററിലും ഐഐടി ബോംബേ ലബോറട്ടറികളിലുമായാണ് ഗുപ്തയ്ക്കു വേണ്ടിയുള്ള തെറാപ്പി വികസിപ്പിച്ചത്. കാലങ്ങളായി കീമോതെറാപ്പി, റേഡിയേഷൻ, സർജറി തുടങ്ങിയ ചികിത്സാരീതികളാണ് കാൻസർരോഗികളെ ചികിത്സിക്കാൻ സ്വീകരിച്ചുവരുന്നത്. എന്നാൽ ഈ പ്രത്യേകയിനം ചികിത്സാരീതിയിൽ ഇമ്മ്യൂൺ സെല്ലുകളെ (പ്രത്യേകിച്ച് ടി- സെല്ലുകളെ) പരിഷ്‌കരിക്കുകയും അവയെ കാൻസർകോശങ്ങളോട് പൊരുതുന്നവയാക്കുകയും ചെയ്യുകയാണ്.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിലും മറ്റ് ഉപദ്രവകാരികളായ കോശങ്ങളെ ഇല്ലാതാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നവയാണ് ടി-സെല്ലുകൾ. ഈ ചികിത്സയുടെ ഭാഗമായി ഓരോ രോഗികൾക്കും വേണ്ടി പ്രത്യേകമായി ടി-സെല്ലുകളെ പരിഷ്‌കരിച്ച് ശരീരത്തിലേക്ക് തിരികെ കയറ്റുകയും അവ കാൻസർ കോശങ്ങളോട് പൊരുതുകയും ചെയ്യുന്നു.

മറ്റുരാജ്യങ്ങളിലേതിനെ അപേക്ഷിച്ച് ഇവിടെ വികസിപ്പിച്ച CAR-T cell തെറാപ്പിക്ക് പാർശ്വഫലങ്ങൾ കുറവാണെന്നാണ് മൃഗങ്ങളിൽ നടത്തിയ ലബോറട്ടറി ടെസ്റ്റുകളിലും പരീക്ഷണങ്ങളിലും വ്യക്തമായത്. കീമോതെറാപ്പിയിൽ നിന്നെല്ലാം വ്യത്യസ്‌തമായി പല സെഷനുകൾ വേണ്ടിവരുന്നില്ല എന്നതാണ് ഈ ചികിത്സാരീതിയെ വേറിട്ടതാക്കുന്നത്.

CAR-T തെറാപ്പിക്കുവേണ്ടി 42 ലക്ഷത്തോളം രൂപ വി.കെ.ഗുപ്ത ചെലവാക്കിയെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് മൂന്നുമുതൽ നാലുകോടിയോളം ചെലവുവരുന്ന ചികിത്സാരീതിയാണിത്.

spot_img

Check out our other content

Check out other tags:

Most Popular Articles