Friday, May 3, 2024

അഭിമാന ദൗത്യവുമായി ഐഎസ്ആർഒ; പുതുവത്സര ദിനത്തിൽ ഇന്ത്യയുടെ ആദ്യ എക്‌സ്- റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്പോസാറ്റ് വിക്ഷേപണം

TOP NEWSINDIAഅഭിമാന ദൗത്യവുമായി ഐഎസ്ആർഒ; പുതുവത്സര ദിനത്തിൽ ഇന്ത്യയുടെ ആദ്യ എക്‌സ്- റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്പോസാറ്റ് വിക്ഷേപണം

പുതുവത്സര ദിനത്തിൽ രാജ്യത്തിൻ്റെ അഭിമാന ദൗത്യവുമായി ഐഎസ്ആർഒ. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്‌സ്- റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്പോസാറ്റ് വിക്ഷേപണം തിങ്കളാഴ്‌ച രാവിലെ 9.10ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽനിന്ന് എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എൽവി സി-58 പറന്നുയരും.

പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്. പത്തു ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിക്കും. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ഒപ്പം വിക്ഷേപിക്കുന്നത്. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെക്കുറിച്ചും പഠിക്കുകയെന്നതാണ് എക്സ്പോസാറ്റ് ഉപഗ്രഹത്തിൻ്റെ ലക്ഷ്യമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

അഞ്ചു വർഷം നീളുന്നതാണ് എക്സ്പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്‌സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്. 2021 ൽ നാസ എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു.

ലോകത്തിനു മുന്നിൽ വീണ്ടും ഇന്ത്യയുടെ അഭിമാനമായി മാറിയ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ 3, സൗരദൗത്യമായ ആദിത്യ എൽ-1 എന്നിവയ്ക്കു പിന്നാലെയാണു തമോഗർത്തങ്ങളിലേക്ക് ഐഎസ്ആർഒ നോട്ടമിടുന്നത്. ചന്ദ്രയാൻ 3 ഓഗസ്‌റ്റ് 23ന് ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിലെ ‘ശിവശക്തി പോയിന്റിൽ’ സോഫ്റ്റാൻഡിങ് നടത്തി. സൗര അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്‌ഥയിലുമുണ്ടാകുന്ന മാറ്റവും 5 വർഷത്തോളം പഠിക്കുകയാണ് ആദിത്യയുടെ ലക്ഷ്യം. മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ തയാറെടുപ്പും പുരോഗമിക്കുകയാണ്.

spot_img

Check out our other content

Check out other tags:

Most Popular Articles