Thursday, May 2, 2024

അസ്ഥിനഷ്‌ടപ്പെട്ടാൽ ഇനി പ്രിൻ്റ് ചെയ്‌ത്‌ ശരീരത്തിൽ വെച്ചുപിടിപ്പിക്കാം; ആറുമാസത്തിനുള്ളിൽ ശരീരവുമായി ഇത് ചേർന്ന് പുതിയ അസ്ഥികൾ രൂപപ്പെടും

LIFESTYLEHEALTHഅസ്ഥിനഷ്‌ടപ്പെട്ടാൽ ഇനി പ്രിൻ്റ് ചെയ്‌ത്‌ ശരീരത്തിൽ വെച്ചുപിടിപ്പിക്കാം; ആറുമാസത്തിനുള്ളിൽ ശരീരവുമായി ഇത് ചേർന്ന് പുതിയ അസ്ഥികൾ രൂപപ്പെടും

അസ്ഥിനഷ്‌ടപ്പെട്ടാൽ ഇനി പ്രിൻ്റ് ചെയ്‌ത്‌ ശരീരത്തിൽ വെച്ചുപിടിപ്പിക്കാം. അപകടത്തിൽ നഷ്ട്‌ടപ്പെട്ടതോ അർബുദം പോലുള്ള അവസ്ഥകൾ കാരണം മുറിച്ചുമാറ്റിയതോ ദ്രവിച്ചുപോയതോ ആയ അസ്ഥി ത്രീ ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചുപിടിപ്പിക്കാം. വട്ടപ്പാറ പി.എം.എസ്. ഡെൻ്റൽ കോളേജിൽനിന്നുള്ള സ്റ്റാർട്ടപ്പ് നിർമിച്ച ഓസ്റ്റിയോക്രാഫ്റ്റ് എന്ന പ്രിന്റ്റർ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.

ശരീരത്തിലെ ഏതുഭാഗത്തുള്ള അസ്ഥികളെയും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർജനിപ്പിക്കാൻ കഴിയും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയസമ്മേളനത്തിലാണ് ബോൺ പ്രിന്റിങ് സാങ്കേതികവിദ്യയെക്കുറിച്ച് പി.എം.എസ്. ഡെൻ്റൽ കോളേജ് സർജനും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ആദർശ് പ്രബന്ധം അവതരിപ്പിച്ചത്.

ചികിത്സാരീതി

രോഗിയുടെ സി.ടി. സ്‌കാൻ എടുത്തതിനുശേഷം സോഫ്റ്റ്വേർ വഴി അസ്ഥിയുടെ രൂപരേഖ തയ്യാറാക്കും. വേണ്ടഭാഗം ത്രീ ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിൻ്റ് ചെയ്യും. വെപ്പുപല്ലുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന പോളി മീഥെയ്ൽ മെത്താക്രിലേറ്റ് ഫിലമെന്റുകളാണ് പ്രിന്റിങ്ങിനായി ഉപയോഗിക്കുന്നത്. ഉറപ്പിനായി ഹൈഡ്രോക്‌സി അപറ്റൈറ്റ് എന്ന ധാതുവും ചേർക്കും. തുടർന്ന് പ്രിൻ്റർ ഓൺചെയ്യുമ്പോൾ തയ്യാറാക്കി വെച്ചിട്ടുള്ള രൂപരേഖയ്ക്ക് മുകളിലായി ഓരോഫിലമെൻ്റും അടുക്കായി പ്രിന്റ് ചെയ്യപ്പെടും.

ചെറു അസ്ഥികൾ പ്രിൻ്റ് ചെയ്യുന്നതിനായി ഏകദേശം ഒരുമണിക്കൂറാണ് സമയം. ഏകദേശം ഒരുഗ്രാം അസ്ഥി പ്രിൻ്റ് ചെയ്യുന്നതിന് 400 മുതൽ 600 രൂപ വരെയാണ് ചെലവ്. പിന്നീട് ശസ്ത്രക്രിയയുടെ സഹായത്തോടെ ശരീരത്തിൽ ഇത് വെച്ചുപിടിപ്പിക്കും. ആറുമാസത്തിനുള്ളിൽ ശരീരവുമായി ഇത് ചേർന്ന് പുതിയ അസ്ഥികൾ രൂപപ്പെടും.

കണ്ടെത്തലിന് പിന്നിൽ

സാധാരണയായി അസ്ഥിവെച്ചുപിടിപ്പിക്കുമ്പോൾ രോഗിയുടെ ശരീരത്തിൽനിന്നുതന്നെ കോശങ്ങളെടുത്താണ് മറ്റിടത്ത് വെച്ചുപിടിപ്പിക്കുന്നത്. ഇത് രണ്ടിടങ്ങളിൽ മുറിവുണ്ടാകുന്നതിന് കാരണമാകും. കൂടാതെ ചെലവും കൂടും. ശസ്ത്രക്രിയയ്ക്കുശേഷവും രണ്ടുമുറിവും ഭേദമാകുന്നതിന് കൂടുതൽ സമയവും ശ്രദ്ധയും വേണ്ടിവരും. പ്രിൻ്റർ വികസിപ്പിച്ചതിലൂടെ ശസ്ത്രക്രിയയും ചികിത്സയും കൂടുതൽ എളുപ്പമാണെന്ന് ഡോ. ആദർശ് പറയുന്നു.

പ്രിന്ററിനായി മാത്രം ഏകദേശം അഞ്ചുലക്ഷം രൂപയായിരുന്നു നിർമാണച്ചെലവ്. നാലുവർഷം മുൻപായിരുന്നു ത്രീ ഡി പ്രിൻ്റിങ് എന്ന ആശയം വട്ടപ്പാറ പി.എം.എസ്. ഡെൻ്റൽ കോളേജ് യാഥാർഥ്യമാക്കുന്നത്. ഡോ. ആദർശിന്റെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് സംഘമാണ് കണ്ടെത്തലിന് പിന്നിൽ.

ശരീരത്തിലെ ഏതുഭാഗത്തുള്ള അസ്ഥികളെയും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർജനിപ്പിക്കാം

spot_img

Check out our other content

Check out other tags:

Most Popular Articles