Saturday, May 4, 2024

ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മോഡ്യൂളിനെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യം പൂർത്തിയാക്കി ഇസ്രോ; ദൗത്യത്തിലൂടെ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങാനുള്ള പാതയുടെ ആസൂത്രണവും നിർവഹണവും സംബന്ധിച്ച ധാരണ ഇസ്രോയുടെ ശാസ്ത്ര സംഘത്തിന് ലഭിച്ചു

TOP NEWSINDIAചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മോഡ്യൂളിനെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യം പൂർത്തിയാക്കി ഇസ്രോ; ദൗത്യത്തിലൂടെ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങാനുള്ള പാതയുടെ ആസൂത്രണവും നിർവഹണവും സംബന്ധിച്ച ധാരണ ഇസ്രോയുടെ ശാസ്ത്ര സംഘത്തിന് ലഭിച്ചു

ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മോഡ്യൂളിനെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തിൽ നിന്ന് തിരികെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യം പൂർത്തിയാക്കി ഇസ്രോ. ഇതൊരു സവിശേഷ പരീക്ഷണമായിരുന്നുവെന്ന് ഇസ്രോ പറയുന്നു. ഭാവിയിൽ ചന്ദ്രനിൽ നിന്ന് പേടകങ്ങൾ തിരികെ ഭൂമിയുടെ ഭ്രമണ പഥത്തിലെത്തിക്കുന്നതിനുള്ള ദൗത്യങ്ങൾക്ക് ഉപകരിക്കും വിധമുള്ള വിവര ശേഖരണമായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്ത് ലാൻഡർ ഇറക്കുന്നതിനുള്ള ശേഷി തെളിയിക്കാനും ലാൻഡറിലെയും റോവറിലേയും വിവിധ ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനങ്ങൾ നടത്താനും ലക്ഷ്യമിട്ടാണ് ചന്ദ്രയാൻ 3 ദൗത്യം വിക്ഷേപിച്ചത്. സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് 2023 ജൂലായ് 14 നാണ് എൽഎംവി-എം4 റോക്കറ്റിൽ ചന്ദ്രയാൻ 3 പേടകം വിക്ഷേപിച്ചത്. ഓഗസ്റ്റ് 23 ന് വിക്രം ലാൻഡർ സുരക്ഷിതമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള സ്ഥലത്ത് ഇറങ്ങി.

ജിയോ ട്രാൻസ്ഫർ ഓർബിറ്റിൽ നിന്ന് ചന്ദ്രനെ ചുറ്റുന്ന ലൂണാർ പോളാർ സർക്കുലാർ ഓർബിറ്റിലേക്ക് പേടകത്തെ എത്തിക്കുന്നതിന് വേണ്ടിയാണ് പ്രൊപ്പൽഷൻ മോഡ്യൂൾ ഉപയോഗിച്ചത്. ഇതിന് ശേഷം പേടകത്തിൽ നിന്ന് പ്രൊപ്പൽഷൻ മോഡ്യൂൾ വേർപെട്ടു. വേർപെട്ടതിന് ശേഷം പ്രൊപ്പൽഷൻ മോഡ്യൂളിലെ സ്പെക്ട്രോ-പൊളാരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (ഷേപ്പ് / SHAPE) എന്ന നിരീക്ഷണ ഉപകരണം പ്രവർത്തിക്കാൻ തുടങ്ങി.

പ്രൊപ്പൽഷൻ മോഡ്യൂൾ പ്രവർത്തിക്കുന്ന മൂന്ന് മാസക്കാലം ഷേപ്പ് ഉപകരണവും പ്രവർത്തിപ്പിക്കാനായിരുന്നു തുടക്കത്തിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ പേടകത്തെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന പ്രക്രിയ കൃത്യമായ നടന്നതോടെ 100 കിലോഗ്രാം ഇന്ധനം പ്രൊപ്പൽഷൻ മോഡ്യൂളിൽ അവശേഷിച്ചു. ഈ ഇന്ധനം ഭാവി ചാന്ദ്രദൗത്യങ്ങൾക്ക് ഉപകരിക്കും വിധം കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗപ്പെടുത്താൻ ഇസ്രോ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ചാന്ദ്ര പേടകം തിരികെ കൊണ്ടുവരുന്ന പ്രക്രിയയുടെ മാതൃക പരീക്ഷിക്കാൻ തീരുമാനിച്ചത്. ഒപ്പം ഷേപ്പ് ഉപകരണത്തിൻ്റെ തുടർന്നുള്ള പ്രവർത്തനം ഭൂമിയെ ചുറ്റുന്ന ഭ്രമണ പഥത്തിലാക്കാനും തീരുമാനിച്ചു.

2023 ഒക്ടോബറിലാണ് പേടകം തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചത്. ഒക്ടോബർ 9 ന് ആദ്യ ഭ്രമണപഥക്രമീകരണം നടത്തി. ഇതുവഴി പ്രൊപ്പൽഷൻ മോഡ്യൂളിനെ 150 കിലോമീറ്ററിൽ നിന്ന് 5112 കിമീ ഉയരത്തിലെത്തിച്ചു. ഇതോടെ ഭ്രമണം ചെയ്യാനുള്ള സമയം 2.1 മണിക്കൂറിൽ നിന്ന് 7.2 മണിക്കൂറായി ഉയർന്നു. ഇന്ധനത്തിന്റെ അളവ് പരിഗണിച്ച് രണ്ടാമത്തെ ഭ്രമണപഥ ക്രമീകരണത്തിലൂടെ ഭൂമിയെ ചുറ്റുന്ന 1.8 ലക്ഷം കിമീ x 3.8 ലക്ഷം കീമീ ഭ്രമണപഥത്തിലേക്ക് പ്രൊപ്പൽഷൻ മോഡ്യൂളിനെ എത്തിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 13 നാണ് ട്രാൻസ്-എർത്ത് ഇഞ്ചക്ഷൻ എന്ന ഈ പ്രക്രിയ നടത്തിയത്.

നിലവിൽ പ്രൊപ്പൽഷൻ മോഡ്യൂൾ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. നവംബർ 22 ന് 1.5 ലക്ഷം കിമീ പരിധിയിലേക്ക് എത്തുകയും ചെയ്തു. ഈ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരം മറ്റ് ഉപഗ്രഹങ്ങൾക്ക് ഭീഷണി സൃഷ്ടിക്കില്ലെന്ന് ഇസ്രോ വ്യക്തമാക്കി. നിശ്ചയിച്ച പ്രകാരം ഭൂമി കൂടുതൽ വ്യക്തമാകുന്ന അകലത്തിൽ എത്തുമ്പോഴെല്ലാം പ്രൊപ്പൽഷൻ മോഡ്യൂളിലെ ഷേപ്പ് (SHAPE) ഉപകരണം പ്രവർത്തിപ്പിച്ച് ഭൗമ നിരീക്ഷണം നടത്തുന്നുണ്ട്. ഒക്ടോബർ 28 ന് സൂര്യഗ്രഹണ സമയത്ത് ഷേപ്പ് പ്രത്യേകമായി പ്രവർത്തിപ്പിക്കുകയും ചെയ്തു.

ഈ പരീക്ഷണ ദൗത്യത്തിലൂടെ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങാനുള്ള പാതയുടെ ആസൂത്രണവും നിർവഹണവും സംബന്ധിച്ച ധാരണ ഇസ്രോയുടെ ശാസ്ത്ര സംഘത്തിന് ലഭിച്ചു. ദൗത്യത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അത്തരം ഒരു ദൗത്യം വിലയിരുത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള സോഫ്റ്റ് വെയർ മോഡ്യൂൾ വികസിപ്പിച്ചു. പ്രൊപ്പൽഷൻ മോഡ്യൂൾ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി അവശിഷ്‌ടങ്ങൾ സൃഷ്ട‌ിക്കുന്നത് ഒഴിവാക്കാനും ഈ ദൗത്യത്തിലൂടെ സാധിച്ചു

spot_img

Check out our other content

Check out other tags:

Most Popular Articles