Thursday, May 2, 2024

പരമാവധി വേഗം 70 കിലോമീറ്ററിൽ താഴെ; ഇനിമുതൽ പഞ്ചായത്തു റോഡുകളിലും വേഗപരിധി ബാധകം

TOP NEWSKERALAപരമാവധി വേഗം 70 കിലോമീറ്ററിൽ താഴെ; ഇനിമുതൽ പഞ്ചായത്തു റോഡുകളിലും വേഗപരിധി ബാധകം

വാഹനങ്ങളുടെ വേഗപരിധി തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളിലും ബാധകമാക്കി സൂചനാബോർഡ് വെക്കണമെന്നു സർക്കാർ നിർദേശം. ഇത്തരം റോഡുകളിലെ പരമാവധി വേഗം 70 കിലോമീറ്ററിൽ താഴെയായിരിക്കും. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് റോഡുസുരക്ഷാ അതോറിറ്റിയുമായി ആലോചിച്ച് വേഗപരിധി കണക്കാക്കിവേണം ബോർഡ് സ്ഥാപിക്കാൻ. ജൂലായ് ഒന്നുമുതൽ വേഗപരിധി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.

എന്നാൽ, തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള റോഡുകൾക്കു ബാധകമാക്കിയിരുന്നില്ല. മറ്റു റോഡുകൾ എന്നാണു പറഞ്ഞിരുന്നത്. പ്രധാനപാതകളിലെ ക്യാമറ, ടോൾ എന്നിവ ഒഴിവാക്കുന്നതിനു തദ്ദേശ റോഡുകളിലൂടെ പോകുന്നവർ ഏറെയാണ്. ഇതുകൂടി പരിഗണിച്ചാണു ഗ്രാമപ്പഞ്ചായത്തുകൾക്ക് ഉൾപ്പെടെ നിർദേശം വന്നിട്ടുള്ളത്. ആറുവരി ദേശീയപാതയിൽ ഒൻപതു സീറ്റുവരെയുള്ള വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററാണ്. നാലുവരി ദേശീയ പാതയിൽ ഇത് 100 കിലോമീറ്ററും.

മറ്റു നാലുവരിപ്പാത, സംസ്ഥാന പാത എന്നിവിടങ്ങളിൽ 90 കിലോമീറ്ററുമാണു വേഗപരിധി. ജില്ലാറോഡുകളിൽ 80 കിലോമീറ്ററും മറ്റുറോഡുകളിൽ 70-ഉം നഗരറോഡുകളിൽ 50 കിലോമീറ്ററുമാണ് അനുവദിച്ചിട്ടുള്ളത്. ഒൻപതു സീറ്റുവരെയുള്ള വാഹനങ്ങൾക്ക് തദ്ദേശ റോഡുകളിൽ (നഗരറോഡുകളിലൊഴികെ) 70 കിലോമീറ്റർ വേഗമാകാം. ചെറുകിട ചരക്കുവാഹനങ്ങൾക്കു പരമാവധി വേഗം 65-ഉം നഗരറോഡുകളിൽ 50-ഉം ആണ് നിശ്ചയിച്ചിരിക്കുന്നത്.

വേഗപരിധി നിശ്ചയിച്ചെങ്കിലും ഇതുസംബന്ധിച്ച ബോർഡുകൾ പലയിടത്തുമില്ല. മാത്രമല്ല, തദ്ദേശഭരണസ്ഥാപനങ്ങളുടെ പരിധിയിലുള്ള റോഡുകളിൽ ഇതു ബാധകമല്ലെന്ന തെറ്റിദ്ധാരണയുമുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ബോർഡ് സ്വന്തം ചെലവിൽ വെക്കണമെന്നും നിർദേശമുണ്ട്. ഗതാഗതനിയമലംഘനം പരിശോധിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച വിവരവും ബോർഡിലൂടെ അറിയിക്കണം. മഴ, മൂടൽമഞ്ഞ് എന്നിവയുണ്ടെങ്കിൽ അതനുസരിച്ചുള്ള വേഗപരിധി നിശ്ചയിച്ചും ബോർഡ് വെക്കാം.

spot_img

Check out our other content

Check out other tags:

Most Popular Articles