Saturday, May 4, 2024

നമ്മൾ ചന്ദ്രനിലാണ് !; ചന്ദ്രനിലും വീഡിയോ പ്ലാറ്റ്ഫോമിലും ഐഎസ്ആർഒ വിജയം – അഭിനന്ദിച്ച് യൂട്യൂബ് സിഇഒ നീൽ മോഹൻ

Newsനമ്മൾ ചന്ദ്രനിലാണ് !; ചന്ദ്രനിലും വീഡിയോ പ്ലാറ്റ്ഫോമിലും ഐഎസ്ആർഒ വിജയം - അഭിനന്ദിച്ച് യൂട്യൂബ് സിഇഒ നീൽ മോഹൻ

ചന്ദ്രയാൻ-3ന്റെ ലാൻഡിംഗ് ലൈവ് സ്ട്രീമിംഗ് റെക്കോർഡ് പ്രേക്ഷകരെ സൃഷ്ടിച്ചതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ (ഐഎസ്ആർഒ) അഭിനന്ദിച്ച് യൂട്യൂബ് സിഇഒ നീൽ മോഹൻ. ചന്ദ്രയാൻ -3 ൻ്റെ സോഫ്റ്റ് ലാൻഡിംഗിന്റെ തത്സമയ സ്ട്രീം 80 ലക്ഷത്തിലധികം ആളുകളാണ് ഒരേസമയം കണ്ടതെന്ന് പറയുന്ന എക്‌സിലെ യൂട്യൂബ് ഇന്ത്യയുടെ ഒരു പോസ്റ്റ് റീപോസ്റ്റ് ചെയ്തു കൊണ്ടാണ് നീൽ മോഹൻ ഐഎസ്ആർഒയെ അഭിനന്ദിച്ചത്.

ആഗസ്റ്റ് 23 ന് വൈകുന്നേരം 6:04 നാണ് ചന്ദ്രൻ്റെ ദക്ഷിണ ധ്രുവമേഖലയിൽ ‘വിക്രം’ ലാൻഡർ ചരിത്രപരമായ ‘സോഫ്റ്റ് ലാൻഡിംഗ്’ നടത്തിയത്.
‘നമ്മളെ അത്ഭുതപ്പെടുത്തിയ നിമിഷം: ഇന്ത്യ ചന്ദ്രനിൽ ഇറങ്ങി! ഐഎസ്ആർഒ ലൈവ് സ്ട്രീം ഒരേസമയം 8 ദശലക്ഷം പേരാണ് കണ്ടത്. നമ്മൾ ചന്ദ്രനിലാണ് !,’ യൂട്യൂബ് ഇന്ത്യയുടെ പോസ്റ്റ് പറയുന്നു. ചന്ദ്രനിലും വീഡിയോ പ്ലാറ്റ്ഫോമിലും ഐഎസ്ആർഒ വിജയം കുറിച്ചത് കാണുന്നതിൽ താൻ വളരെ ആവേശഭരിതനാണെന്നും നീൽ മോഹൻ ഇതേ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

‘ഇത് വളരെ ആവേശകരമായ നിമിഷമാണ് – ഐഎസ്ആർഒയിലെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഒരേസമയം 8 ദശലക്ഷത്തിലധികം പ്രേക്ഷകർ, അവിശ്വസനീയമാണ്!,’ എക്‌സിലെ തൻ്റെ പോസ്റ്റിൽ നീൽ മോഹൻ കുറിച്ചു.

ചന്ദ്രോപരിതലത്തിൽ വിക്രം സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്നതിൻ്റെ 72 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതുവരെ 7.8 കോടിയിലധികം പേരാണ് കണ്ടത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയ്ക്ക് സമീപം സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയ ആദ്യത്തെ ബഹിരാകാശ ഏജൻസിയായി ഐഎസ്ആർഒ ചരിത്രം സൃഷ്ടിച്ചിരുന്നു. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ഇതോടെ ഇന്ത്യ മാറി.

സോഫ്റ്റ് ലാൻഡിംഗ് കഴിഞ്ഞയുടനെ, വിക്രം ലാൻഡറിനുള്ളിൽ സുരക്ഷിതമായി ഘടിപ്പിച്ച ‘പ്രഗ്യാൻ’ റോവറിൻ്റെ സഹായത്തോടെ ഐഎസ്ആർഒ ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഭൂമിയിലെ 14 ദിവസത്തിന് തുല്യമായ ഒരു സമ്പൂർണ ചാന്ദ്ര ദിനത്തിലുടനീളം വിക്രമും പ്രഗ്യാനും അവരുടെ ചുമതലകൾ നിർവഹിച്ചു. സൾഫറിൻ്റെയും മറ്റ് മൂലകങ്ങളുടെയും സാന്നിധ്യം കണ്ടെത്തുക, ആപേക്ഷിക താപനില നിരീക്ഷിക്കുക, ചുറ്റുമുള്ള ചലനങ്ങൾ ശ്രദ്ധിക്കുക എന്നിവയായിരുന്നു ചന്ദ്രയാൻ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം.

വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഈ മാസം ആദ്യം സ്ലീപ്പ് മോഡിൽ പ്രവേശിച്ചതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ചന്ദ്രനിൽ രാത്രി അവസാനിച്ച് വീണ്ടും സൂര്യോദയമുണ്ടാകുന്ന സെപ്റ്റംബർ 22 ന് ഇരുവരും ഉണർന്നേക്കാം എന്നാണ് കണക്കാക്കുന്നത്. 2008 ന് ശേഷം, ആദ്യത്തെ ചന്ദ്രയാൻ ദൗത്യം ആ പ്രദേശത്ത് ജലത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് പ്രാധാന്യമുണ്ടായത്.

spot_img

Check out our other content

Check out other tags:

Most Popular Articles