സര്‍ക്കാരിന്റെ കാലാവധി അവസാനിക്കവെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത് രാഷ്ട്രീയ അധാര്‍മികതയെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍; കാലാവധി അവസാനിക്കാന്‍ കേവലം രണ്ടു മാസം മാത്രമുള്ളപ്പോള്‍ ധനകാര്യ മന്ത്രി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത് രാഷ്ട്രീയ അധാര്‍മികതയും തെറ്റായ നടപടിയുമാണ്

0
141
Google search engine

കാലാവധി അവസാനിക്കാന്‍ കേവലം രണ്ടു മാസം മാത്രമുള്ളപ്പോള്‍ ധനകാര്യ മന്ത്രി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത് രാഷ്ട്രീയ അധാര്‍മികതയും തെറ്റായ നടപടിയും ആണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശേഷിക്കുന്ന കാലയളവിലേക്കുള്ള ചെലവുകള്‍ക്കായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിരുന്നത്. കാലാവധി പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുക എന്നതിന് വിദഗ്ധര്‍ മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.ഇടതു സര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ട് സമസ്ത മേഖലകളും തകര്‍ത്തതിന്റെ നേര്‍ചിത്രമാണ് ബജറ്റിലുള്ളത്. നിറംപിടിപ്പിച്ച നുണകള്‍ നിരത്തി എല്‍ഡിഎഫിന്റെ പ്രകടന പത്രിക വായിക്കുക മാത്രമാണ് ധനമന്ത്രി സഭയില്‍ ചെയ്തത്. കര കയറാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. സാമ്പത്തിക വളര്‍ച്ചയിലും റവന്യൂ വരുമാനത്തിലും ഉണ്ടായ വന്‍ ഇടിവും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കൊവിഡ് മഹാമാരിയും കടുത്ത പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതുപോലെ ധനകാര്യ മാനേജ്മെന്റ് തകര്‍ന്ന കാലഘട്ടം കേരള ചരിത്രത്തിലുണ്ടായിട്ടില്ല. അഴിമതിയും പിടിപ്പുകേടും സ്വജനപക്ഷപാതവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഭാവനാപൂര്‍ണമായ ഒരു നടപടിയും ബജറ്റിലില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.എല്ലാ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിന്റെ വാചോടാപം മാത്രമാണ് ബജറ്റിലുള്ളത്. അഞ്ചു വര്‍ഷം ഒന്നും ചെയ്യാതെ ഭരണം തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ധനകാര്യമന്ത്രി ഗിരിപ്രഭാഷണം നടത്തുകയാണ്. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടി സ്വപ്ന ലോകത്ത് നിന്നാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്. ധന സമാഹരണത്തെ കുറിച്ച് ധനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടില്ല. ദിശാബോധം ഇല്ലാത്ത ബജറ്റാണിത്. വിഭവ സമാഹരണത്തിന് ഒരു വഴിയും കണ്ടെത്താതെ പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണ് ബജറ്റില്‍ ഉടനീളം. അടുത്ത സര്‍ക്കാരിന്റെ മേല്‍ അധിക സാമ്പത്തിക ഭാരം വരുത്തുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.കൊവിഡ് ബാധിതര്‍, മടങ്ങിയെത്തിയ പ്രവാസികള്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രതീക്ഷിക്കാന്‍ ഒന്നും ബജറ്റിലില്ല. യുവാക്കളെ പൂര്‍ണമായും വഞ്ചിച്ചു. പിഎസ്‌സി റാങ്ക് പട്ടികയില്‍ വന്നിട്ടും ജോലി ലഭിക്കാതെ ആത്മഹത്യ ചെയ്യുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. പാര്‍ട്ടി അനുഭാവികള്‍ക്കും സിപിഐഎമ്മിന്റെ ഇഷ്ടക്കാര്‍ക്കും മാത്രമാണ് പിന്‍വാതില്‍ വഴി നിയമനം ലഭിച്ചത്. തൊഴിലില്ലായ്മ കേരളം നേരിടുന്ന വെല്ലുവിളിയും ഗുരുതരമായ പ്രശ്നവുമാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടായത് അധികാരം വിട്ടൊഴിയാന്‍ നാളുകള്‍ മാത്രം ശേഷിക്കുമ്പോഴാണ്. പോകുന്ന പോക്കില്‍ കുറച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയത് കൊണ്ട് കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here