വർക്കലയിൽ കുടുംബപ്രശ്നത്തെ തുടർന്ന് ഗൃഹനാഥൻ തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു. വർക്കല ആശാൻമുക്കിനു സമീപം കുന്നത്തുവിള വീട്ടിൽ ബിന്ദു (43), മകൻ അമൽ (17) എന്നിവരാണു മരിച്ചത്. തീകൊളുത്തിയ രാജേന്ദ്രൻ പൊള്ളലേറ്റു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ബിന്ദുവിനെ തീകൊളുത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് മകന് പൊള്ളലേറ്റത്. പൊള്ളലേറ്റ ബിന്ദുവും അമലും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്.
കുടുബപ്രശ്നങ്ങൾ കാരണം രാജേന്ദ്രനും ബിന്ദുവും എട്ട് മാസമായി അകന്ന് കഴിയുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നു മണിയോടെ കുടുംബശ്രീ യോഗത്തിൽ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങൾ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രൻ്റെ വീട്ടിലെത്തി.
തുടർന്നുണ്ടായ വാക്കുതർക്കത്തിൽ പ്രകോപിതനായ രാജേന്ദ്രൻ വീട്ടിൽ കരുതിയിരുന്ന ടിന്നർ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീടിനു പുറത്തുനിന്നിരുന്ന മകൾ സാന്ദ്രയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ചു.
വർക്കല അഗ്നിരക്ഷാ സേനയും അയിരൂർ പൊലീസും സ്ഥലത്തെത്തിയാണ് ബിന്ദുവിനെയും മകനെയും ആശുപത്രിയിലേക്കു മാറ്റിയത്. പെയിന്റ്റിങ് തൊഴിലാളിയായ രാജേന്ദ്രൻ വീട്ടിൽ കരുതിയിരുന്ന ടിന്നർ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണു പൊലീസ് കരുതുന്നത്. ഊന്നിൻമൂട് ചെമ്പകശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അമൽ


