ഗാസ മുനമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളെന്ന് റിപ്പോർട്ട്. പലസ്തീൻ കുട്ടികളുടെ സംരക്ഷണത്തിനായുള്ള വേൾഡ് മൂവ്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ ഏഴ് മുതൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 1700 കുട്ടികളും വെസ്റ്റ് ബാങ്കിൽ 27 കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കണക്കനുസരിച്ച് 120 കുട്ടികളാണ് പ്രതിദിനം ഗാസയിൽ കൊല്ലപ്പെട്ടത്.

തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ 1,400 ഓളം പേരെ കാണാതായതിനാൽ ഗാസ മുനമ്പിൽ കുട്ടികളുൾപ്പെടെയുള്ള കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർധിച്ചേക്കുമെന്നും വേൾഡ് മൂവ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ലെബനൻ അതിർത്തിയിലെ ഗ്രാമീണരെ ഇസ്രയേൽ ഒഴിപ്പിച്ചു. ഇന്ധനക്ഷാമത്തെ തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം നിലച്ചേക്കുമെന്നതിനാൽ ഗാസയിലേക്ക് അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. യുദ്ധമേഖലയിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യമാണെന്നും റെഡ് ക്രസന്റ് അറിയിച്ചു.

ഇസ്രയേൽ- പലസ്തീൻ യുദ്ധം പതിനാറുനാളുകൾ പിന്നിടുമ്പോൾ ഗാസയിൽ അവശേഷിക്കുന്നത് തകർന്നടിഞ്ഞ കെട്ടിടങ്ങളും ഛിന്നഭിന്നമായിപ്പോയ മനുഷ്യജീവിതങ്ങളുമാണ്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം യുദ്ധത്തിൽ ഇതിനോടകം കൊല്ലപ്പെട്ടത് 4385 പേരാണ്. 13561 പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്.


