രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ ആദർശങ്ങളെ ഓർക്കാനുള്ള സമയമാണ് ഇതെന്നും ദസറ ആഘോഷത്തിൽ പങ്കെടുത്ത് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കണം. അടിച്ചമർത്തലിന്റെയും ഭീകരതയുടെയും അന്ത്യം കുറിക്കുന്നതാണ് ദസറ ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു. അസത്യത്തിന് മേൽ സത്യം വിജയിക്കുമെന്ന വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ് ദസറയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
രാമരാജ്യം, സ്വയംപര്യാപ്തത, ദേശീയ ഐക്യം എന്നിവയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാൻ ആഹ്വാനം ചെയ്തു. സത്യം, സേവനം, കൂട്ടായ ദൃഢനിശ്ചയം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ, വികസിതവും സ്വയംപര്യാപ്തവുമായ ഒരു ഇന്ത്യ എന്ന കാഴ്ചപ്പാടാണ് വലുതെന്ന് അദേഹം പറഞ്ഞു.


