നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. കഴിഞ്ഞദിവസം ദീപ ദാസ് മുൻഷി പ്രധാന നേതാക്കളെ വിളിച്ച് നടത്തിയ യോഗത്തിൽ ഇതുസംബന്ധിച്ച് ശാസന നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആ വിഷയം ചർച്ചയാകരുതെന്നായിരുന്നു പൊതുധാരണ. ഈ തർക്കം പാർട്ടിക്ക് ഗുണം ചെയ്യില്ല എന്നു മാത്രമല്ല, ജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ എന്ന് കെ.സി. വേണുഗോപാൽ നിലപാടെടുത്തു.
ക്രെഡിറ്റിനായി തർക്കിക്കുന്നവർ, സ്ഥാനാർഥിത്വം നഷ്ടപ്പെട്ടിട്ടും ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച വി.എസ്. ജോയിയെ മാതൃകയാക്കണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പ്രവർത്തകരുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കെ. മുരളീധരനും അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് ഷാഫി പറമ്പിലും ജനങ്ങളാണ് ക്യാപ്റ്റനെന്ന് രാഹുൽ മാങ്കൂട്ടത്തിലും നിലപാടെടുത്തു. കൂട്ടായ വിജയമാണെന്ന് ഹൈക്കമാൻഡും വ്യക്തമാക്കുന്നു.
അൻവറിനെ യുഡിഎഫിൽ എടുക്കണമെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ കെ. സുധാകരൻ ആവശ്യപ്പെട്ടെങ്കിലും വലിയതോതിൽ സ്വീകാര്യത ലഭിച്ചില്ല. അൻവർ മുന്നണിയിൽ വേണ്ടതില്ലെന്ന അഭിപ്രായത്തിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. അതിനിടെ ശശി തരൂരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഒപ്പംകൂട്ടി മുന്നോട്ടുപോകണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എന്നാൽ തരൂർ നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഇക്കാര്യത്തിൽ ഒരു തീരുമാനം വേണമെന്നുമുള്ളതാണ് മറ്റു പല നേതാക്കളും അഭിപ്രായപ്പെട്ടത്. ഇക്കാര്യങ്ങളിലൊന്നും പാർട്ടി അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നാണ് സൂചന.


