ബാറ്ററി സാങ്കേതികവിദ്യയിൽ ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ശാസ്ത്രലോകം! ബെംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ചിലെ (INCASR) ഗവേഷകർ വികസിപ്പിച്ചെടുത്ത സോഡിയം അയോൺ ബാറ്ററി സാങ്കേതിക ലോകത്ത് വൻ തരംഗമാകുകയാണ്. വെറും ആറ് മിനിറ്റിൽ 80% വരെ ചാർജ് ചെയ്യാൻ ശേഷിയുള്ള ഈ ബാറ്ററി, 3000-ലേറെ ചാർജിംഗ് സൈക്കിളുകളോടെ ലിഥിയം അയോൺ ബാറ്ററികൾക്ക് ശക്തമായ എതിരാളിയായി മാറുന്നു.
ലിഥിയം ബാറ്ററികൾക്ക് ബദൽ, ഇന്ത്യയുടെ അഭിമാന നേട്ടം
ലോക ബാറ്ററി വിപണിയിൽ ചൈനയുടെ കുത്തക മേധാവിത്വത്തിന് വെല്ലുവിളിയുയർത്തുകയാണ് ഇന്ത്യയുടെ ഈ നേട്ടം. ഇലക്ട്രിക് വാഹനങ്ങളിലും ഊർജ്ജ സംഭരണത്തിലും ലിഥിയം അയോൺ ബാറ്ററികളെ ആശ്രയിക്കുന്ന ലോകത്തിന് പുതിയൊരു വഴി തുറക്കുകയാണ് ഇന്ത്യ. CATL, BYD പോലുള്ള ചൈനീസ് ഭീമന്മാർ ലിഥിയം ബാറ്ററി ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുമ്പോൾ, അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതക്കുറവും ഉയർന്ന ചെലവും സുരക്ഷാ പ്രശ്‌നങ്ങളും ലിഥിയം ബാറ്ററികളുടെ പരിമിതികളാണ്.

1970 കളിലാണ് ആദ്യമായി സോഡിയം അയോൺ ബാറ്ററിയെന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. ലിഥിയം അയോൺ ബാറ്ററിയുടെ വെല്ലുവിളികൾ മറികടക്കാൻ സോഡിയം അയോൺ ബാറ്ററിക്ക് സാധിക്കുമെന്നതാണ് അതിനുള്ള കാരണം. സോഡിയം ധാരാളമായി ലഭ്യമായതിനാൽ, ലിഥിയം, കോബാൾട്ട് പോലുള്ള അപൂർവ വസ്‌തുക്കളെ ആശ്രയിക്കേണ്ട ആവശ്യമില്ല. ഇത് ഉൽപ്പാദനച്ചെലവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യുന്നു.
വാണിജ്യാടിസ്ഥാനത്തിൽ ഫലപ്രദമായി ഉപയോഗിക്കാനാവുന്ന സോഡിയം അയോൺ ബാറ്ററികൾ വികസിപ്പിക്കുന്നതിനുള്ള ആഗോള തലത്തിൽ നടക്കുന്നുണ്ട്. ചൈനയിലും അതിനുള്ള ശ്രമങ്ങൾ സജീവമാണ്. ചില ലോ റേഞ്ച് ഇലക്ട്രിക് വാഹനങ്ങളിൽ ചൈന ഇത് പരീക്ഷിച്ചുകഴിഞ്ഞിട്ടുമുണ്ട്. ഫോക‌് വാഗൺ പോലുള്ള കമ്പനികളും സോഡിയം അയേൺ ബാറ്ററി പരീക്ഷിച്ചിട്ടുണ്ട്.
എന്താണ് ഈ ബാറ്ററിയെ വ്യത്യസ്തമാക്കുന്നത്?
വേഗത: ആറ് മിനിറ്റിൽ 80% ചാർജിംഗ്, ഇലക്ട്രിക് വാഹനങ്ങൾക്കും ഗാഡ്ജെറ്റുകൾക്കും ഉപയോഗിക്കാം
ആയുസ്സ്: 3000-ലേറെ ചാർജിംഗ് സൈക്കിളുകൾ, ദീർഘകാല ഉപയോഗം ഉറപ്പാക്കുന്നു.
സുരക്ഷ: ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും സുസ്ഥിരവും.
ചെലവ് കുറവ്: സോഡിയം അധിഷ്‌ഠിത സാങ്കേതികവിദ്യ വൻതോതിൽ ഉൽപ്പാദനച്ചെലവ് കുറയ്ക്കും.
വഴിത്തിരിവാകുന്ന മുന്നേറ്റം ഇന്ത്യയുടെ ഈ നേട്ടം
ഇലക്ട്രിക് വാഹന വിപണിയിലും ഊർജ സംഭരണ സംവിധാനങ്ങളിലും വിപ്ലവം സൃഷ്ടിക്കാൻ പോകുന്നു. എങ്കിലും, ജെ.എൻ.സി.എ.എസ്.ആർ. വികസിപ്പിച്ച സോഡിയം അയോൺ ബാറ്ററി ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതൽ പരീക്ഷണങ്ങൾക്കും പരിഷ്കാരങ്ങൾക്കും ഇത് വിധേയമാക്കേണ്ടതുണ്ട്. എന്നാൽ ഇന്ത്യൻ സാങ്കേതിക വിദ്യയിൽ സോഡിയം അയോൺ ബാറ്ററികൾ യാഥാർത്ഥ്യമാക്കാനായാൽ എത്തുന്നതോടെ, ചൈനയുടെ ലിഥിയം ആധിപത്യത്തിന് വെല്ലുവിളിയാകുമെന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ബാറ്ററി സാങ്കേതികവിദ്യ ലഭ്യമാകും.
