രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“മോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനം? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ… അതു സംഭവിച്ചിരിക്കും. ‘കെ റെയിൽ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ”- സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാന സർക്കാർ വെറും കേസെടുപ്പ് സർക്കാരായി അധഃപതിച്ചുവെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസ്, പറയുമെന്നു കരുതുന്നതായി ഗണിച്ചും കേസ് എന്നതാണ് സ്‌ഥിതി. ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിൻ്റെ പ്രഥമ പൗരനുപോലും സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത സ്‌ഥിതിയാണ്. പദയാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോഴും സംസ്‌ഥാനത്തെ അധമ ഭരണത്തിനുമേൽ ഇടിത്തീ വീഴട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി അഖിലേന്ത്യാ കമ്മിറ്റി അംഗം സി.രഘുനാഥ് അധ്യക്ഷത വഹിച്ചു.




