വടക്കൻ ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം. 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്ക്. അൽ സഫ്താവി പ്രദേശത്താണു ആക്രമണമുണ്ടായത്. ഹമാസിന്റെ അധീനതയിലുള്ള ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. സ്കൂളിനെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നും നിരവധി ഷെല്ലുകൾ സ്കൂളിലേക്കു പതിച്ചെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽ പരുക്കേറ്റ നിരവധിപേരെയാണു പ്രവേശിപ്പിച്ചത്.

ഗാസയിൽ ആംബുലൻസ് വ്യൂഹത്തിനു നേരെയും ഇസ്രയേൽ വ്യോമാക്രമണം നടത്തി. നിരവധിപ്പേർ കൊല്ലപ്പെട്ടു. ഗുരുതര പരുക്കു മൂലം ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകവെയാണ് രോഗികൾ ആക്രമിക്കപ്പെട്ടത്. ഗാസയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫയുടെ കവാടത്തിൽ വച്ചും ഗാസയിൽ തന്നെ അൻസാർ സ്ക്വയറിനു സമീപവും ആക്രമണമുണ്ടായി. ഗുരുതര യുദ്ധക്കുറ്റമായി വിലയിരുത്തപ്പെടുന്ന സംഭവത്തിൽ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നു മാത്രമാണ് ഇസ്രയേൽ പ്രതികരിച്ചത്. കഴിഞ്ഞമാസം 17ന് അൽ അഹ്ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.



