റാന്നി : ശക്തമായ ദൃശ്യാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആശയരൂപീകരണം നടത്തുന്നതിന് സഹായിക്കുന്ന സചിത്ര നോട്ടുപുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിനായി റാന്നി ബി.ആർ.സിയുടെ നേതൃത്വത്തിൽ ‘നോട്ടുബുക്ക് വിപ്ലവത്തിന് തുടക്കമായി.

ക്രാഫ്റ്റ്, ചിത്രരചന എന്നിവയുമായി സംയോജിപ്പിച്ചു തയാറാക്കുന്നതിനാൽ കുട്ടികളുടെ കലാപരമായ കഴിവുകളും നിർമ്മാണ ശേഷിയും ഭാഷാ പഠനത്തോടൊപ്പം വികസിപ്പിക്കാൻ കഴിയും.അവധിക്കാല അദ്ധ്യാപക സംഗമത്തിൽ 1, 2 ക്ലാസുകളിലെ അദ്ധ്യാപകരെ സചിത്ര നോട്ടുപുസ്തകങ്ങൾ തയ്യാറാക്കാൻ പരിശീലിപ്പിച്ചിരുന്നു. ഒന്ന്, രണ്ട് ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും സചിത്ര നോട്ടുപുസ്തകങ്ങൾ ഉറപ്പാക്കാനാണ് റാന്നി ബി.ആർ.സിയുടെ ഈ കാമ്പയിൻ.

സചിത്ര നോട്ടുപുസ്തകങ്ങൾ തയാറാക്കാൻ രക്ഷിതാക്കളുടെ പ്രത്യേക ശില്പശാലകൾ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കും. പഴവങ്ങാടി ഗവ.യു.പി സ്കൂളിലെ കുട്ടികൾക്കായി ബി. ആർ.സി അംഗങ്ങളും ഒന്നാം ക്ലാസ് അദ്ധ്യാപിക അനീഷ മോഹനനും ചേർന്ന് നോട്ടുബുക്കുകൾ തയാറാക്കി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ കളർ ഫോട്ടോ പതിച്ച നോട്ട് ബുക്കുകൾ ഒന്നാം ക്ലാസ് അദ്ധ്യാപിക അനീഷ മോഹനന് ബി.പി.സി ഷാജി എ സലാം കൈമാറി. വിദ്യാലയങ്ങൾക്ക് പഠനോപകരണങ്ങൾ നൽകുന്ന സുമനസുകൾ 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി എ ഫോർ സൈസിലുള്ള വലിയ ബുക്കുകൾ നൽകണമെന്ന് ബി.പി.സി ഷാജി എ സലാം അഭ്യർത്ഥിച്ചു



