കാർത്തികപ്പള്ളിയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പക്ഷേ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. അപകടം നടന്ന ശേഷം സ്‌കൂൾ അധികൃതർ ഇവിടത്തെ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിപ്പെട്ട് എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. സ്കൂളിലെ പ്രധാനാധ്യാപകന്റെ മുറിയുടെ സമീപത്തെ മേൽക്കൂരയാണ് തകർന്നത്. സ്കൂളിൻ്റെ ഓഫീസ് മുറിയിലേക്ക് കുട്ടികൾ പോകുന്ന വഴിയാണിത്.


