ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്നുണ്ട് എന്നാണ് ഖവാജ ആസിഫ് വെളിപ്പെടുത്തിയത്. ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പാക് പ്രതിരോധമന്ത്രി നിർണായക വെളിപ്പടുത്തൽ നടത്തിയത്. പാകിസ്താൻ ഭീകരവാദികൾക്ക് സഹായം ചെയ്യുന്നുണ്ടെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നതിനിടെയാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തൽ.
എന്നാൽ ഭീകരവാദികളെ സഹായിക്കാൻ പാകിസ്താൻ നിർബന്ധിതമായതിന് പിന്നിൽ പാശ്ചാത്യ രാജ്യങ്ങളായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യു.എസിനും, ബ്രിട്ടണുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടിയാണ് ഈ പ്രവൃത്തി ഞങ്ങൾ ചെയ്‌തുകൊണ്ടിരുന്നതെന്ന് ഖവാജ ആസിഫ് പറഞ്ഞു. എന്നാൽ അതൊരു വലിയ തെറ്റായിരുന്നുവെന്നും പാകിസ്‌താൻ ഇപ്പോൾ അതിന്റെ പരിണിത ഫലങ്ങൾ നേരിടുകയാണെന്നും പാക് പ്രതിരോധ മന്ത്രി വിശദീകരിച്ചു. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 2001 സെപ്റ്റംബർ 11ൽ യു.എസിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമുണ്ടായ യുദ്ധത്തിലും യു.എസിനൊപ്പം പങ്കുചേർന്നിരുന്നില്ലായിരുന്നുവെങ്കിൽ പാകിസ്‌താന് മികച്ച പ്രതിഛായ ഉണ്ടാകുമായിരുന്നുവെന്നും ഖവാജ ആസിഫ് പറയുന്നു.
സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശത്തിനെതിരെ യുഎസ് ഭീകരവാദികളെ ഉപയോഗിച്ച് നിഴൽയുദ്ധം നടത്തിയെന്ന് ഖവാജ ആസിഫ് പറയുന്നു. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്‌താനാണെന്ന ഇന്ത്യയുടെ ആരോപണം മേഖലയിൽ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപിച്ചു. ലഷ്‌കർ- ഇ തോയ്ബ ഇപ്പോൾ നിലവിലില്ല. ഇന്ത്യയിൽ ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന റെസിസ്റ്റൻസ് ഫ്രണ്ടിനെപ്പറ്റി ഞങ്ങൾ കേട്ടിട്ടുപോലുമില്ല. പഹൽഗാം ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നുവെന്നും വർഷങ്ങളായി പാകിസ്‌താനും ഭീകരാക്രമണങ്ങളുടെ ഇരയാണെന്നും ഖവാജ ആസിഫ് പറഞ്ഞു.
ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ആക്രമിക്കാൻ ശ്രമിച്ചാൽ പാകിസ്താൻ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഓർമിക്കണമെന്നും പാക് മന്ത്രി മുന്നറിയിപ്പ് നൽകി. പഹൽഗാമിലെ ആക്രമണത്തിന് ഉത്തരവാദികളെ കണ്ടെത്തി തിരഞ്ഞുപിടിച്ച് ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് ഖവാജ ആസിഫിന്റെ പ്രതികരണം. പഹൽഗാം ആക്രമണത്തിന് പ്രതികാരമായി നയതന്ത്രതലത്തിലും വ്യാപാര തലത്തിലും പാകിസ്‌താനെതിരെ ഇന്ത്യ നടപടികൾ സ്വീകരിച്ചിരുന്നു.


