പാകിസ്താനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പാക് അധിനിവേശ കശ്മ്മീരിന്റെ ഭാഗമായ ഗിൽജിത്-ബാൾട്ടിസ്താനിലെ ആയിരക്കണക്കിനാളുകൾ തെരുവിൽ. ചൈനയേയും പാകിസ്താനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കാരക്കോറം ദേശീയപാത മൂന്ന് ദിവസമായി പ്രതിഷേധക്കാർ ഉപരോധിച്ചിരിക്കുകയാണ്. ഭീകരർക്ക് ഭരണകൂടം നഷ്ടപരിഹാരം അനുവദിക്കുകയും വ്യാപാരികൾക്ക് നൽകാതിരിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിനുകാരണമെന്ന് ഷെരീഫിൻ്റെ പാർട്ടിയിലെ ഒരു നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രധാനപാതയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
പാക് ഭരണകൂടത്തിൻ്റെ വ്യാപാരനയങ്ങൾക്കെതിരെയും ഷഹബാസ് ഷെരീഫ് നേതൃത്വം നൽകുന്ന സർക്കാരിനെതിരെയും ഭരണകക്ഷിയായ പിഎംഎൽ(എൻ) ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷികൾ പിന്തുണ നൽകുന്ന ഗിൽജിത്-ബാൾട്ടിസ്താനിലെ വ്യാപാരികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ചൂഷണത്തിനും സാമ്പത്തിക തകർച്ചയ്ക്കും വഴിവെക്കുന്ന പുതിയ നിയമത്തിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ദേശീയപാതയിൽ കുത്തിയിരിപ്പ് പ്രതിഷേധം തുടരുമെന്നാണ് വ്യാപാരികൾ പറയുന്നതെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.

വ്യാപാരികൾ, പണ്ഡിതർ, ഹൻസയിലേയും ഗിൽജിത്തിലേയും സമീപപട്ടണങ്ങളിലേയും വിവിധ സംഘടനകളിലെ അംഗങ്ങൾ എന്നിവർ പ്രതിഷേധത്തിൽ അണിനിരന്നിരിക്കുകയാണ്. ഭൂമിയും ധാതുസമ്പത്തും തട്ടിയെടുക്കുന്നതിനും അനിശ്ചിതമായ വൈദ്യുതി തടസ്സങ്ങൾക്കും കാരണമായേക്കാവുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ ഗിൽജിത്-ബാൾട്ടിസ്താനിൽ ഒരുമാസക്കാലമായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇപ്പോൾ ദേശീയപാതയിലെ ഉപരോധം.
2023 ഓക്ടോബറിൽ ഇന്ത്യയിലെ കാർഗിലിലേക്കുള്ള റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് ഗിൽജിത്-ബാൾട്ടിസ്താനിൽ പ്രതിഷേധം ഉയർന്നിരുന്നു. പ്രമുഖ ആക്ടിവിസ്റ്റായ ഷബ്ബീർ മയ്യാറിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതോടെ ഷബ്ബീർ അറസ്റ്റിലാകുകയും ഭീകരവാദത്തിനെതിരെയുള്ള നിയമപ്രകാരം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.



