സാംസങ് ഗാലക്‌സി എസ് 24 സീരീസ് ജനുവരി 17 ന് പുറത്തിറക്കാനൊരുങ്ങുകയാണ് ഫോണിന് കഴിഞ്ഞ വർഷത്തേക്കാൾ വില കൂടിയേക്കുമെന്നും അല്ല, കുറയുകയാണ് ചെയ്യുക എന്നുമെല്ലാമുള്ള റിപ്പോർട്ടുകൾ ഇതിനകം വന്നു. പുത്തൻ എഐ സൗകര്യങ്ങളോടുകൂടിയാണ് എസ്24 എത്തുക. മൂന്ന് മോഡലുകൾ കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഒരു സ്റ്റാൻ്റേർഡ് മോഡലും, പ്ലസ്, അൾട്ര എന്നീ മോഡലുകളും ഉണ്ടാവും. ഇന്ത്യൻ വിപണിയിൽ ഈ ഫോണുകൾക്ക് എത്രയാണ് വിലയെന്നറിയാൻ അവതരണ പരിപാടി വരെ കാത്തിരിക്കണം. എന്നാൽ എസ് 24 സീരീസ് ഫോണുകളുടെ വിലയുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത ചില വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

ഈ വിവരങ്ങൾ ശരിയെങ്കിൽ, സാംസങ് ഗാലക്‌സി എസ്24 പ്ലസ് മോഡലിന്റെ 12 ജിബി റാം 256 ജിബി പതിപ്പിന് 1,04,999 രൂപയ്ക്കും 1,05,999 രൂപയ്ക്കും ഇടയിലാവും വില. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്‌സി എസ് 23 പ്ലസ് മോഡലിന് 94,999 രൂപയായിരുന്നു വില. മുകളിൽ പറഞ്ഞ വില ശരിയാണെങ്കിൽ എസ് 24+ ന് 10000 രൂപയുടെ വർധനവാണ് ഇത്തവണ.

അതുപോലെ, എസ് 24 അൾട്രയുടെ വില 1,34,999 രൂപയോ 1,35,999 രൂപയോ ആയിരിക്കും എന്നാണ് കരുതുന്നത്. എസ് 23 അൾട്ര പുറത്തിറങ്ങിയത് 1,24,999 രൂപയ്ക്കാണ്. ഇതിനും 10,000 രൂപയുടെ വർധനവുണ്ടാകുമെന്നാണ് ഇത് നൽകുന്ന സൂചന.
എന്നാൽ ഈ നിരക്കുകൾ ഔദ്യോഗികമായ വെളിപ്പെടുത്തൽ അല്ലാത്തതിനാൽ സ്ഥിരീകരിക്കാനാവില്ല. ചിലപ്പോൾ പഴയ നിരക്കിൽ തന്നെ ഫോണുകൾ എത്തിക്കാനും സാധ്യതയുണ്ട്.

ഗാലക്സി എസ് 23 മോഡൽ കഴിഞ്ഞ വർഷം പുറത്തിറക്കിയത് 74,999 രൂപയ്ക്കാണ്. ഈ വർഷത്തെ എസ് 24 സ്റ്റാൻ്റേർഡ് മോഡലിനും കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ തുടരാൻ സാധ്യതയുണ്ട്. എസ് 24 +, എസ് 24 അൾട്ര മോഡലുകൾക്കാവും വില വർധന. ഐഫോൺ 15 സീരീസിൽ ഈ രീതിയിലാണ് ആപ്പിൾ വില നിശ്ചയിച്ചത്.


