റാന്നിയിൽ അമ്മയെയും മകളെയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് നിഗമനം. റിന്‍സിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെങ്കിലും മരണ കാരണം എഴുതിയിരുന്നില്ല.

‘ഞാന്‍ മരിക്കുന്നു’ എന്നു മാത്രമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. റിന്‍സിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

ഐത്തല മീൻമുട്ടി സ്വദേശി റിൻസിയെയും മകൾ ഒന്നര വയസ്സുകാരി അൽഹാനയെയുമാണ് തിങ്കളാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിൻസിയും അൽഹാനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഭർത്താവ് വിദേശത്താണ്. ഇരുവരെയും വീടിനു പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള ബന്ധുക്കള്‍ വീടിന്റെ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹങ്ങള്‍ സംസ്കരിച്ചു.



