വ്യാജസന്ദേശമയച്ച് ഒ.ടി.പി. നമ്പർ കൈവശപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിയുടെ എസ്.ബി.ഐ. അക്കൗണ്ടിൽനിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു. കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് ഒാഫീസിലെ ഓവർസിയർ ഹൊസ്‌ദുർഗ് ലഷ്‌മി വെങ്കടേശ്വര ക്ഷേത്രത്തിനടുത്തെ ‘ദേവീകൃപ’യിൽ കെ. മനോഹരയ്ക്കാണ് പണം നഷ്ടമായത്.

ജനുവരി 10-ന് രാവിലെ 11-ഒടെ ഇദ്ദേഹത്തിൻ്റെ മൊബൈൽഫോണിൽ യോനോ ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞ് സന്ദേശമെത്തി. തൊട്ടുപിന്നാലെ ഇതേ നമ്പറിൽ വിളിച്ചു. ഇംഗ്ലീഷിലായിരുന്നു സംസാരം. ബാങ്കിന്റെ ഹെഡ് ഓഫീസിൽനിന്നാണെന്നും ബ്ലോക്ക് മാറ്റാമെന്നും വിളിച്ചയാൾ പറഞ്ഞു. തുടരെ മൂന്ന് ഒ.ടി.പി. നമ്പർ മനോഹരയുടെ ഫോണിലേക്ക് വന്നു. ഒന്നിനു പിന്നാലെ ഒന്നായി മൂന്ന് നമ്പറും മനോഹര പറഞ്ഞുകൊടുത്തു. ബ്ലോക്ക് മാറ്റിയിട്ടുണ്ടെന്നു പറഞ്ഞ് ഫോൺ കട്ടുചെയ്തു.

അല്പസമയത്തിനുള്ളിൽ പണം പിൻവലിച്ചതായ സന്ദേമെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനോഹരയ്ക്ക് മനസ്സിലായത്. 5,54,000 രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. രണ്ടുതവണയായാണ് പണം പിൻവലിച്ചത്. ആദ്യം 4,99,900 രൂപയും പിന്നാലെ 50,000 രൂപയും. ഉടൻ ബാങ്കിൽ വിളിച്ച് വിവരം പറഞ്ഞു. ബാങ്കിന്റെ കൊൽക്കത്ത ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നു മനസ്സിലായി. ബാങ്ക് അധികൃതർ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോഴേക്ക് 3,69,990 രൂപ എടുത്തിരുന്നു. മനോഹരയുടെ പരാതിയിൽ ഹൊസ്‌ദുർഗ് പോലീസ് അന്വേഷണം തുടങ്ങി. സമാന രീതിയിൽ കാഞ്ഞങ്ങാട്ട് മറ്റൊരാളുടെയും മടിക്കൈ സ്വദേശിനിയുടെയും അരലക്ഷം രൂപയോളം നഷ്ടമായി.

ജാഗ്രത വേണം
അക്കൗണ്ട് ഉടമകളുടെ ഫോണിൽ വ്യാപകമായി തട്ടിപ്പ് സന്ദേശങ്ങൾ വരുന്നുണ്ട്. ഒരാൾക്കുതന്നെ പല നമ്പറുകളിൽനിന്ന് ഇത്തരത്തിൽ സന്ദേശമെത്തുന്നു. അക്കൗണ്ട് ബ്ലോക്കാകാൻ പോകുന്നു, ആപ്ലിക്കേഷൻ ബ്ലോക്കായി തുടങ്ങിയ സന്ദേശങ്ങളാണ് ബാങ്കിൻ്റെ ലോഗോ ഉൾപ്പെടെ പ്രൊഫൈലാക്കിയുള്ള ഫോണിൽ നിന്നെത്തുന്നത്. നെറ്റ് ബാങ്കിൽ പാൻകാർഡ് നമ്പർ മുഖേന അക്കൗണ്ട് ബ്ലോക്ക് നീക്കാമെന്നു പറഞ്ഞ് ഒരു ലിങ്കും സന്ദേശത്തോടൊപ്പമുണ്ട്.
അതിൽ ക്ലിക്ക് ചെയ്‌താൽ യോനോ ആപ്പിൻ്റെ പോലെ ഒരു സൈറ്റ് തുറക്കും. വ്യാജമാണെന്ന് മനസ്സിലാകാത്ത സൈറ്റാണിത്. അതിൽ നെറ്റ് ബാങ്കിങ് വിലാസവും മൊബൈൽ നമ്പറും കൊടുക്കാൻ പറയും. അത് കൊടുത്തുകഴിഞ്ഞാൽ മൊബൈലിൽ പാസ്‌വേഡ് അയക്കും. തെറ്റായ പാസ്‌വേഡോ വിവരങ്ങളോ നല്‌കിയാലും അടുത്ത ഘട്ടത്തിലേക്ക് കടന്ന് പാൻ കാർഡ് വിവരങ്ങൾ കൊടുക്കാൻ പറയും.
അതുകൂടി കൊടുത്താൽ പണം നഷ്ടമാകും. അക്കൗണ്ടുമായി ബന്ധപ്പെട്ട് ഓൺലൈനിലോ ഫോണിൽ വിളിച്ചോ എന്തെങ്കിലും ചെയ്യാനുള്ള സന്ദേശമെത്തിയാൽ ബാങ്കിലെത്തി നിജസ്ഥിതി മനസ്സിലാക്കണമെന്ന് അധികൃതർ പറഞ്ഞു.


