ഐപിഎൽ താരലേലത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആരാധകരെ ഞെട്ടിച്ച് മുംബൈ ഇന്ത്യൻസിൽ ‘തലമാറ്റം’. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ മുപ്പത്തിയാറുകാരൻ രോഹിത് ശർമയ്ക്കു പകരം 2024 സീസണിൽ ഹാർദിക് പാണ്ഡ്യ (30) മുംബൈയുടെ നായകനാകും. രോഹിത് ഈ സീസണിൽ മുംബൈ ടീമിൽ തുടർന്നേക്കും.

ടീമിന്റെ ഭാവിയെ മുന്നിൽക്കണ്ടുള്ള തീരുമാനം എന്ന പ്രഖ്യാപനത്തോടെയാണ് മുംബൈ ഇന്ത്യൻസ് ടീമിന്റെ ഗ്ലോബൽ പെർഫോമൻസ് ഹെഡ് മഹേള ജയവർധനെ ക്യാപ്റ്റൻസി മാറ്റം പ്രഖ്യാപിച്ചത്. ഐപിഎൽ 2024 താരലേലം 19ന് ദുബായിൽ നടക്കാനിരിക്കെയാണ് മുംബൈ ടീമിൽ അഴിച്ചു പണികൾക്കു തുടക്കമിട്ടത്. എന്നാൽ ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് രോഹിത് പ്രതികരിച്ചിട്ടില്ല.
2015 സീസണിൽ 10 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തിയ ഹാർദിക്കാണ് 9 വർഷങ്ങൾക്കുശേഷം ടീമിന്റെ ക്യാപ്റ്റനാകുന്നത്. 2021 വരെ മുംബൈയിൽ തുടർന്ന ഓൾറൗണ്ടർ 2022ൽ ക്യാപ്റ്റനായി ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തി. തങ്ങളുടെ പ്രഥമ സീസണിൽ ഗുജറാത്തിനെ കിരീടത്തിലെത്തിച്ചു. കഴിഞ്ഞ തവണ ഗുജറാത്ത് ഫൈനൽ വരെയെത്തി. ഹാർദിക്കിന്റെ ക്യാപ്റ്റൻസി മികവിൽ കണ്ണെറിഞ്ഞ മുംബൈ കഴിഞ്ഞമാസം 15 കോടി രൂപ പ്രതിഫലം നൽകിയാണ് ക്ലബ് മാറ്റം യാഥാർഥ്യമാക്കിയത്.

മുംബൈയുടെ കപ്പിൽത്താൻ
ഐപിഎലിലെ ഏറ്റവും താരത്തിളക്കമുള്ള ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസിന് 2013ന് മുൻപ് ഒരു സീസണിൽ പോലും കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല. ആ നിരാശയ്ക്കിടെയാണ് 2013 സീസണിന്റെ പാതിവഴിയിൽ വച്ച് റിക്കി പോണ്ടിങ്ങിൽനിന്നു രോഹിത് ശർമ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തത്. ക്യാപ്റ്റനെന്ന നിലയിലെ ആദ്യ സീസണിൽത്തന്നെ മുംബൈയെ ഐപിഎൽ ചാംപ്യൻമാരാക്കി തുടങ്ങിയ രോഹിത്തിന് കീഴിൽ 2013ലെ ചാംപ്യൻസ് ട്രോഫി ട്വൻ്റി 20 ടൂർണമെൻ്റിലും മുംബൈ ജേതാക്കളായി.
11 സീസണുകളിൽ മുംബൈ ടീമിൻ്റെ അമരത്തുണ്ടായിരുന്ന രോഹിത് 5 തവണ കിരീടമുയർത്തി. കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയ ക്യാപ്റ്റൻമാരിൽ എം.എസ്.ധോണിയുടെ റെക്കോർഡിന് (5) ഒപ്പമാണ് രോഹിത്. ഐപിഎൽ ക്യാപ്റ്റൻസിയിൽ രോഹിത്തിന്റെ റെക്കോർഡ് ഇങ്ങനെ: 158 മത്സരങ്ങളിൽ 87 വിജയം, 67 തോൽവി, 4 സമനില.
മാറ്റത്തിന്റെ തുടക്കം ?
ഒരുവർഷമായി രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിക്കുന്നില്ലെങ്കിലും ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലും ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ്. ഐപിഎലിൽ മുംബൈ ടീമിലുണ്ടായ തലമാറ്റം ഇന്ത്യൻ ട്വന്റി20 ടീമിലും പ്രതിഫലിക്കുമോ എന്നാണ് ഇനി ആരാധകർ ഉറ്റുനോക്കുന്നത്. 6 മാസം അകലെയുള്ള അടുത്ത ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കാൻ സാധ്യത കുറവാണ്.


