ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കുറ്റപ്പെടുത്തി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. നഗരത്തിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിന് പിന്നിൽ ആർസിബിയാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. ജൂൺ നാലാം തീയതി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകർക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേർക്കാണ് ജീവൻ നഷ്ടമായത്.
അഞ്ചുലക്ഷത്തോളം പേർ തടിച്ചുകൂടിയതിൻ്റെ ഉത്തരവാദിത്തം ആർസിബിക്കാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. പോലീസിൽ നിന്ന് അനുമതി തേടിയിരുന്നില്ല. അവർ സാമൂഹിക മാധ്യമങ്ങളിൽ ഇത് പോസ്റ്റ് ചെയ്തിരുന്നു. അതിൻ്റെ ഫലമായാണ് പൊതുജനങ്ങൾ തടിച്ചുകൂടിയതെന്നും ട്രിബ്യൂണൽ പറയുന്നു.

വിജയാഘോഷത്തോടനുബന്ധിച്ച് അവസാനനിമിഷം ആർസിബി നടത്തിയ പ്രഖ്യാപനം ദ്രോഹിക്കുന്ന തരത്തിലുള്ള സമീപനമെന്നും ട്രിബ്യൂണൽ വിമർശിച്ചു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് പോലീസിന് മുന്നൊരുക്കങ്ങൾ നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.പോലീസുകാരും മനുഷ്യരാണ്. അവർ ദൈവങ്ങളോ മാന്ത്രികരോ അല്ല. അലാവുദ്ദീൻ്റെ അദ്ഭുത വിളക്കുപോലെ ആഗ്രഹിക്കുന്നതെന്തും സാധിക്കുന്ന മായാജാലം കയ്യിലുള്ളവരല്ല. – ട്രിബ്യൂണൽ പറഞ്ഞു.

ജൂൺ നാലാം തീയതി വൈകുന്നേരം അഞ്ചുമണിയോടെ വിധാൻ സൗധയിലേക്കാണ് കോലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാനസർക്കാരിൻ്റെ സ്വീകരണമായിരുന്നു അവിടെ. റോഡിലും പരിസരങ്ങളിലും ആയിരങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. സ്വീകരണപരിപാടി കഴിയാറായപ്പോഴേക്കും മഴ പെയ്തു. തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കേയാണ് സ്റ്റേഡിയത്തിൻ്റെ കവാടത്തിനുമുന്നിൽ തിക്കുംതിരക്കുമുണ്ടായത്. മൂന്നു ലക്ഷത്തിലധികം ആളുകൾ ഇവിടേക്കെത്തിയെന്നാണ് റിപ്പോർട്ട്. ഇതോടെ പോലീസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കാതെ വന്നു.

സംഭവത്തിൽ ആർസിബി മാർക്കറ്റിങ് മേധാവി ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെ, ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയായ ‘ഡിഎൻഎ’യുടെ പ്രതിനിധി സുനിൽ മാത്യു എന്നിവരടക്കം നാലുപേരെ ജൂൺ ആറാം തീയതി പോലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തിൽ ആർസിബി മാനേജ്മെൻ്റ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്. സംഭവത്തിൽ ബെംഗളൂരു പോലീസ് കമ്മിഷണർ ബി. ദയാനന്ദ, സിറ്റി പോലീസ് കമ്മിഷണർ, ചിന്നസ്വാമി സ്റ്റേഡിയത്തിൻ്റെ ചുമതലയുള്ള അഡീഷണൽ കമ്മിഷണർ, ഡിസിപി (സെൻട്രൽ), അസിസ്റ്റൻ്റ് പോലീസ് കമ്മിഷണർ, കബ്ബൺപാർക്ക് പോലീസ് ഇൻസ്പെക്ടർ എന്നിവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്പെൻഡ് ചെയ്തിരുന്നു.



