കുറ്റ്യാടിയിലെ നെടുമണ്ണൂർ എൽപി സ്കൂളിൽ ഗണപതിഹോമം നടത്തിയതിനെ ന്യായീകരിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഐഎസ്ആർഒ പോലത്തെ എല്ലാ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും നല്ലകാര്യം നടക്കുമ്പോൾ ഗണപതിഹോമം പതിവുള്ളതാണെന്നും ഏതെങ്കിലും മതത്തിന്റെ ആചാരവുമായി അതിനെ കൂട്ടികുഴയ്ക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

“കുറ്റ്യാടിയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പുതിയതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഗണപതിഹോമം നടത്തി. ഐഎസ്ആർഒ പോലത്തെ എല്ലാ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും നല്ലകാര്യം നടക്കുമ്പോൾ ഗണപതിഹോമം പതിവുള്ളതാണ്. ഏതെങ്കിലും മതത്തിന്റെ ആചാരവുമായി അതിനെ കൂട്ടികുഴയ്ക്കണ്ടതില്ല. കുറ്റ്യാടിയിലെ ഒരു മുസ്ലിം സഹോദരനും വിദ്യാഭ്യാസ സ്ഥാപനത്തിൽ ഗണപതിഹോമം നടത്തിയതിൽ പരാതി പറഞ്ഞിട്ടില്ല.

സിപിഎമ്മിൽ അടുത്തകാലത്ത് ചേർന്ന മുൻ പിഎഫ്ഐക്കാരാണ് അവിടെ ബഹളം വച്ചത്. പിഎഫ്ഐക്കാരെക്കൊണ്ട് ഡിവൈഎഫ്ഐ നിറഞ്ഞിരിക്കുകയാണ്. ഡിവൈഎഫ്ഐയിലേക്ക് ചേക്കേറിയ പിഎഫ്ഐക്കാർ ബഹളം വച്ചതുകൊണ്ട് മാനേജറെ അറസ്റ്റ് ചെയ്തു. ധിക്കാരപരമായ സമീപനമാണിത്. ജനങ്ങൾ വറുതിയിലും പട്ടണിയിലും പൊറുതിമുട്ടുമ്പോഴാണ് ഇത്തരം നിലപാടുകൾ സർക്കാർ എടുക്കുന്നത്”- സുരേന്ദ്രൻ പറഞ്ഞു.

നെടുമണ്ണൂർ എൽപി സ്കൂളിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ഗണപതിഹോമം നടന്നത്. സ്കൂൾ മാനേജരുടെ മകൻ്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരാണു പൂജ നടത്തിയത്. പൂജ നടത്തിയവരെ തൊട്ടിൽപാലം പൊലീസ് കസ്റ്റഡിയിൽ എടുത്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.


