കഴിഞ്ഞ മാസമാണ് ഓപ്പൺ എഐ ‘ജിപിടി 4ഒ’ എഐ എന്ന മോഡൽ അവതരിപ്പിച്ചത്. ചാറ്റ്ജിപിടിയിലെ പുതിയ വോയ്‌സ് മോഡും ഇതോടൊപ്പം കമ്പനി പ്രദർശിപ്പിച്ചിരുന്നു. ശബ്ദ്‌ദത്തിലൂടെ ചാറ്റ്ജിപിടിയോട് സംവദിക്കാനാവുന്ന സൗകര്യമാണിത്. കൂടുതൽ സ്വാഭാവികമായ ഭാഷയിലാണ് ചാറ്റ്ജിപിടി മറുപടി നൽകുന്നത്. ജൂൺ അവസാനത്തോടെ ഈ സൗകര്യം ചുരുക്കം ചില ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.
എന്നാൽ ജിപിടി 4ഒ ഇതിനകം ചാറ്റ്ജിപിടിയിൽ എത്തിയെങ്കിലും വോയ്‌സ് മോഡ് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. ചില പ്രത്യേക ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള എഐ മോഡലിൻ്റെ കഴിവ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കമ്പനി പറയുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ചില കഴിവുകൾ ആർജിക്കുന്നതുവരെ ഫീച്ചർ ലഭ്യമാവില്ലെന്നും കമ്പനി അറിയിച്ചു.
ഫീച്ചർ എന്ന് അവതരിപ്പിക്കും എന്നതുമായി ബന്ധപ്പെട്ട് കൃത്യമായ സമയം ഒന്നും ഓപ്പൺ എഐ പ്രഖ്യാപിച്ചിട്ടില്ല. ജിപിടി പ്ലസ് വരിക്കാർക്കാണ് വോയ്‌സ് മോഡ് ലഭിക്കുക. ചിലപ്പോൾ ജൂലായിൽ തന്നെ ലഭിച്ചേക്കും. എങ്കിലും എല്ലാ പെയ്‌ഡ് ഉപഭോക്താക്കൾക്കും ഈ ഫീച്ചർ തുടക്കത്തിൽ ലഭിക്കണം എന്നില്ല.
തത്സമയ വീഡിയോ ഉപയോഗിച്ചുള്ള വീഡിയോ സ്ക്രീൻ ഷെയറിങ് ഫീച്ചറുകളെ ഇത് ബാധിക്കില്ലെന്നാണ് വിവരം. മൊബൈലിലും മാക്ക് ഒഎസിലും ഈ ഫീച്ചർ ലഭ്യമാവുമെന്ന് കമ്പനി പറയുന്നു.


