കണ്ണൂർ: അഴീക്കോട് സ്‌കൂൾ കോഴക്കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തു . കണ്ണൂർ വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇഡി സംഘം അഴീക്കോട് സ്‌കൂളിലെത്തി തെളിവെടുത്തിരുന്നുു. മാനേജർ, മുൻ മാനേജർ എന്നിവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി സ്‌കൂൾ മാനേജ്മെന്റിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2014ലാണ് സംഭവം. 2017ൽ മുസ്ലീംലീഗ് അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് പൂതപ്പാറ നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. നൗഷാദ് നൽകിയ പരാതി പഞ്ചായത്ത് കമ്മിറ്റി കവറിങ് ലെറ്റർ സഹിതം സംസ്ഥാന കമ്മിറ്റിക്ക് അയച്ചു. ‘ഉന്നയിക്കപ്പെട്ട പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെട്ടതായി’ കവറിങ് ലെറ്ററിൽ പറയുന്നു. ഇതിന്റെ കോപ്പി ജില്ലാ പ്രസിഡന്റായ പി കുഞ്ഞിമുഹമ്മദിനും നൽകിയിരുന്നു. എന്നാൽ, താൻ അങ്ങനെയൊരു പരാതി കണ്ടിട്ടില്ലെന്നാണ് കുഞ്ഞിമുഹമ്മദ് വിജിലൻസിനോട് പറഞ്ഞത്. മാത്രമല്ല, നൗഷാദിനെ സംസ്ഥാന നേതൃത്വം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഷാജി അഴീക്കോട് സ്‌കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയിരുന്നു.



