
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് തൃശ്ശൂർ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ നടക്കവെ ആചാരങ്ങൾ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശ്ശൂർ പൂരം നടത്താനാകുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധകാല അടിസ്ഥാനത്തിൽ കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാൻ പഞ്ചായത്ത് തലം മുതൽ ബോധവൽക്കരണം നടത്തണം.
പഞ്ചായത്തുകൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കണം. ആരോഗ്യ പ്രവർത്തകരുടെ ഇൻഷൂറൻസ് കാലാവധി നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവർത്തകർ കൊവിഡ് രോഗികൾക്ക് സഹായം നൽകാൻ രംഗത്തിറക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കാസർഗോഡ് കളക്ടറുടെ പുതിയ നിർദ്ദേശത്തോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് കളക്ടർമാർ ഇഷ്ടാനുസരണം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് നിർത്തണമെന്ന് പറഞ്ഞു.


