അപസ്മാരം നിയന്ത്രിക്കാൻ മസ്തിഷ്കത്തിൽ ചിപ്പ് വെച്ചുപിടിപ്പിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയായി ബ്രിട്ടീഷ് ബാലൻ. 13-കാരൻ ഓറൻ നോൾസന്റെ മസ്തിഷ്കത്തിൽ ചിപ്പ് വെച്ചതോടെ പകൽസമയത്തെ അപസ്മാരപ്രശ്നങ്ങൾ 80 ശതമാനം കുറഞ്ഞു.
ചികിത്സിച്ചുഭേദമാക്കാൻ പ്രയാസമായ ലെനോക്സ്-ഗ്യാസ്റ്റൗട്ട് സിൻഡ്രം എന്ന അപസ്മാരമാണ് നോൾസൻ്റേത്. മൂന്നാംവയസ്സിൽ പിടിപെട്ട രോഗം ഏതുസമയവും പ്രകടമാകുമെന്നതിനാൽ 24 മണിക്കൂറും ശ്രദ്ധേവേണമായിരുന്നു.
ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ (ഗോഷ്) ഡോക്ടർമാരാണ് ഓറന്റെ തലയോട്ടിക്കകത്ത് ചിപ്പ് വെച്ചത്. ഈ ചിപ്പിൽനിന്നുള്ള നേരിയ വൈദ്യുതതരംഗങ്ങൾ അപസ്മാരമുണ്ടാക്കുന്ന തരംഗങ്ങളെ തടയും.
ഗോഷിലെ ശിശുരോഗവിഭാഗം ന്യൂറോസർജനായ മാർട്ടിൻ ടിസ്ഡാലാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ്, കിങ്സ് കോളേജ് ആശുപത്രി, ഓക്സ്ഫഡ് സർവകലാശാല എന്നിവയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ഒക്ടോബറിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓറന് ശസ്ത്രക്രിയ നടത്തിയത്. ബ്രിട്ടീഷ് കമ്പനിയായ ആംബർ തെറാപ്യൂട്ടിക്സാണ് ചിപ്പിൻ്റെ നിർമാതാക്കൾ.


