ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പ് ആയ എക്സ് എഐ വികസനിപ്പിച്ച ഗ്രോക്ക് എഐ എന്ന ചാറ്റ്ബോട്ട് ഇപ്പോൾ ഇന്ത്യയിലും ഉപയോഗിക്കാം. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രീമിയം പ്ലസ് വരിക്കാർക്കാണ് ഗ്രോക്ക് ഉപയോഗിക്കാനാവുക. ഫോണിൽ നിന്ന് സബ്സ്ക്രിപ്ഷൻ എടുക്കുമ്പോൾ 2299 രൂപയാണ് പ്രീമിയം സബ്സ്ക്രിപ്ഷൻ നിരക്ക്. 22900 രൂപയാണ് വാർഷിക നിരക്ക്. അതായത് ചാറ്റ് ജിപിടി പ്ലസ് സബ്സ്ക്രിപ്ഷനേക്കാൾ ഗ്രോക്കിന് ചിലവ് കൂടുതലാണ്.

എന്നാൽ പ്രീമിയം പ്ലസ് വരിക്കാരായ ഡെസ്ക്ടോപ്പ് ഉപഭോക്താക്കൾക്ക് പ്രതിമാസ നിരക്ക് 1300 രൂപയും വാർഷിക നിരക്ക് 13600 രൂപയുമാണ്. ഇപ്പോഴും നിർമാണ ഘട്ടത്തിലിരിക്കുന്ന ഗ്രോക്ക് എക്സിൻ്റെ ഏറ്റവും ഉയർന്ന നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ പ്ലാനിൽ ഉള്ളവർക്കാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഫൺ, റെഗുലർ എന്നിങ്ങനെ രണ്ട് മോഡുകളാണ് ഗ്രോക്കിൻ്റെ ജനറേറ്റീവ് ലാഗ്വേജ് മോഡലിനുള്ളത്. രസകരമായ ഭാഷയിലാണ് ഫൺ മോഡൽ പ്രതികരിക്കുക. എന്നാൽ റെഗുലർ മോഡ് സാധാരണ ഭാഷയിലും പ്രതികരിക്കും. എക്സിൽ നിന്നുള്ള തത്സമയ വിവരങ്ങൾ ശേഖരിക്കാൻ ഗ്രോക്കിന് സാധിക്കും എന്നത് അതിനെ മറ്റ് ലാംഗ്വേജ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഇതുവഴി ഏറ്റവും പുതിയ സംഭവവികാസങ്ങൾക്കും ട്രെൻഡുകൾക്കും അസരിച്ചുള്ള കൃത്യമായ മറുപടി നൽകാൻ ഗ്രോക്കിന് സാധിക്കും. ചാറ്റ് ജിപിടിയുടെ സൗജന്യ വേർഷൻ പ്രവർത്തിക്കുന്ന ജിപിടി 3.5 മെറ്റയുടെ ലാമ തുടങ്ങിയ ലാംഗ്വേജ് മോഡലുകളേക്കാൾ മികവുറ്റതാണ് ഗ്രോക്ക് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.


