കുതിരാൻ തുരങ്കപാതാ നിർമ്മാണം നിലച്ചതിൽ ദേശീയപാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, അതോറിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടും മൂലം പൊതുജനം പൊറുതിമുട്ടുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു

0
83
Google search engine

കുതിരാൻ തുരങ്കപാതാ നിർമ്മാണം നിലച്ചതിൽ ദേശീയപാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.അതോറിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടും മൂലം പൊതുജനം പൊറുതിമുട്ടുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു. വിഷയത്തിൽ എന്ത് പരിഹാരമുണ്ടാക്കാനാകുമെന്ന് വിശദീകരിക്കുന്ന റിപ്പോർട്ട് ബുധനാഴ്ചയ്ക്കകം സമർപ്പിക്കാൻ അതോറിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

കുതിരാനിൽ ഒരു ഭാഗത്തേക്കുള്ള തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കണമെന്നും, ദേശീയപാതാ നിർമ്മാണത്തിലെ അപാകതയെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജൻ എംഎൽഎ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ദേശീയപാതയുടെ മണ്ണുത്തി – വടക്കഞ്ചേരി ഭാഗം ആറുവരിയായി പുനർനിർമിക്കുന്നതിനു കരാർ ഒപ്പുവച്ചത് 2009ലാണ്. കുതിരാനിലെ ഒരു കിലോമീറ്ററോളം വരുന്ന 2 തുരങ്കങ്ങൾ ഉൾപ്പെടെ 28.5 കിലോമീറ്ററാണ് ദൈർഘ്യം. എന്നാൽ 11 വർഷമായിട്ടും പാത പൂർത്തിയായില്ല. നിർമ്മാണം പൂർത്തിയാക്കാൻ അതോറിറ്റിക്ക് എന്തെങ്കിലും ഉദ്ദേശമോ പദ്ധതിയോ ഉണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കാൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അതോറിറ്റിക്ക് നിർദ്ദേശം നൽകി. കുതിരാനിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളിലും കോടതി ആശങ്ക രേഖപ്പെടുത്തി.

നിർമ്മാണം നിലച്ച അവസ്ഥയിലാണെന്നും കരാർ കമ്പനിയുമായി തർക്കങ്ങളുണ്ടെന്നും ദേശീയപാത അതോറിറ്റി വിശദീകരിച്ചു. രാഷ്ട്രീയ തർക്കങ്ങളും സമരങ്ങളും തിരിച്ചടിയായെന്നും അതോറിറ്റി ഹൈക്കോടതിയിൽ നിലപാടെടുത്തു. കുതിരാനിലെ യാത്രാദുരിതം 24 വാർത്താ പരമ്പരയായി റിപ്പോർട്ട് ചെയ്തിരുന്നു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here