തൊലിപ്പുറത്തല്ലാതെയുള്ള അതിക്രമങ്ങൾ ലൈംഗികാതിക്രമം അല്ലെന്ന് ബോംബെ ഹൈക്കോടതി; ആശങ്ക

0
119
Google search engine

ലൈംഗികാതിക്രമത്തിൻ്റെ ഗണത്തിൽ പെടുത്തി കേസെടുക്കണമെങ്കിൽ തൊലിപ്പുറത്ത് കൂടി അതിക്രമം നടക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ വിധി ഒട്ടേറെ ആശങ്കകളാണ് ഉയർത്തുന്നത്. ബസിലും പാർക്കിലും ട്രെയിനിലും ആളൊഴിഞ്ഞ വഴിയിലുമൊക്കെ നടക്കുന്ന ‘ഗ്രോപ്പിംഗുകൾക്ക്’ ഇനി ശക്തിയേറും എന്നതാണ് ഏറെ ആശങ്കയുളവാക്കുന്ന കാര്യം. തൊലിപ്പുറമേയല്ലാത്ത അതിക്രമങ്ങളിൽ പോക്സോ നിലനിൽക്കില്ല എന്ന വിധി അക്രമകാരികളെ അത്തരത്തിൽ ചിന്തിപ്പിക്കും. പൊതുവേ സ്ത്രീസുരക്ഷയിൽ വളരെ പിന്നാക്കം നിൽക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം ഒരു കോടതി വിധി ഉണ്ടാക്കിയേക്കാവുന്ന ഇംപാക്ട് വളരെ വലുതാണ്.

പല പെൺകുസുഹൃത്തുക്കൾക്കും ഗ്രോപ്പിംഗിൻ്റെ കഥ പറയാനുണ്ടാവും. വഴിയരികിൽ നിൽക്കുമ്പോഴോ, ബസിൽ യാത്ര ചെയ്യുമ്പോഴോ, വഴിയിലൂടെ നടക്കുമ്പോഴോ, വീട്ടിനുള്ളിൽ വെച്ചോ പരിചയമുള്ളതോ ഇല്ലാത്തതോ ആയ ഒരു കൈ വന്ന് മാറിടത്തിൽ അമർത്തിപ്പോകുന്ന അനുഭവം പലർക്കും വർഷങ്ങൾ നീണ്ട ട്രോമ സമ്മാനിക്കുമെന്നിരിക്കെ കോടതി വിധി ഉയർത്തുന്ന ആശങ്ക വളരെ വലുതാണ്.

തൊലിപ്പുറത്തല്ലാതെയുള്ള അതിക്രമങ്ങൾ ലൈംഗികാതിക്രമങ്ങളിൽ പെടുത്താനാവില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചത്. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബെഞ്ചിൻ്റേതാണ് നിരീക്ഷണം.

പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്നത് ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ അല്ലെങ്കിൽ ലൈംഗികാതിക്രമത്തിൽ പെടുത്താനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പോക്സോ നിലനിൽക്കണമെങ്കിൽ ലൈംഗികാസക്തിയോടെ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ തൊടുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളിൽ തൊടുവിക്കുകയോ വേണം. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണം എന്ന് കോടതി പറഞ്ഞു.

“പ്രതി ചേർക്കപ്പെട്ടയാൾ ഉടുപ്പഴിച്ച് മാറിടത്തിൽ അമർത്തിയിട്ടില്ല. അതുകൊണ്ട് തന്നെ തൊലിയും തൊലിയും തമ്മിൽ സ്പർശിച്ചിട്ടില്ല. 12 വയസ്സുള്ള ഒരു കുട്ടിയുടെ മാറിടത്തിൽ അമർത്തുക എന്നാൽ, ഒന്നുകിൽ ഉടുപ്പഴിച്ച് കൃത്യം നടത്തുകയോ അല്ലെങ്കിൽ ഉടുപ്പിനിടയിലൂടെ കൃത്യം നടത്തുകയോ വേണം. അല്ലാത്ത പക്ഷം, ഇതിനെ ലൈംഗികാതിക്രമം എന്ന് വിളിക്കാനാവില്ല. എന്നാൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമം 354ആം വകുപ്പിൽ ഇത് പെടുകയും ചെയ്യും.”- കോടതി ചൂണ്ടിക്കാട്ടി.

പേരയ്ക്ക തരാമെന്ന വ്യാജേന വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. ശിക്ഷയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതി ചേർക്കപ്പെട്ടയാൾ അപ്പീൽ നൽകിയിരുന്നു. ഇതിൻ്റെ വിധിയിലാണ് കോടതിയുടെ നിരീക്ഷണം.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here