രാജ്യസഭയിൽ മലയാളത്തിൽ സംസാരിച്ച് നടൻ സുരേഷ് ഗോപി എംപി. കാലാവധി പൂർത്തിയാകുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തിൽ നടത്തിയത്. ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ നന്നായി സംസാരിച്ചുവെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു.

‘എനിക്ക് ഈ ടേമിൽ കിട്ടുന്ന അവസാന അവസരമാണ് ഇത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും കലക്കത്ത് കുഞ്ചൻനമ്പ്യാർക്കും സമർപ്പണമായി, മാതാപിതാക്കള്‍ക്കും ഗുരുക്കന്മാർക്കും നല്ലവരായ മലയാളികള്‍ക്കുമുള്ള സമർപ്പണമായി, ഈ നിവേദനം കേന്ദ്ര വനം- വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പിൽ സമർപ്പിക്കുന്നു’ എന്നായിരുന്നു ആനകളുടെ സുരക്ഷക്ക് വേണ്ടിയുള്ള സുരേഷ്ഗോപിയുടെ പ്രസംഗം.



