മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാര് അണക്കെട്ട് തുറന്നതിനെതിരേ പ്രതിഷേധം ശക്തം. പെരിയാര് തീരപ്രദേശ വാസികള് വണ്ടിപ്പെരിയാറിന് സമീപം കക്കി കവലയില് കൊല്ലം-ഡിണ്ടിഗല് ദേശീയ പാത ഉപരോധിക്കുകയാണ്.

മേല്നോട്ട സമിതി യോഗം വിളിക്കണമെന്ന ആവശ്യവും മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന വിഷയത്തില് തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.

ബുധനാഴ്ച രാത്രി പത്ത് ഷട്ടറുകൾ മുന്നറിയിപ്പ് ഇല്ലാതെ തുറന്നതിനെതുടർന്ന് നിരവധി ഇടങ്ങളില് ജനലനിരപ്പ് ഉയരുകയും അതിനെ തുടർന്ന് വീടുകളില് വെള്ളം കയറുകയും ചെയ്തു.
രാത്രികാലത്ത് അറിയിപ്പില്ലാതെ ഷട്ടര് തുറന്നത് തികച്ചും പ്രതിഷേധാര്ഹമാണെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാടിന്റെ ഇത്തരം നടപടി ഒരു സര്ക്കാരില്നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ്. തമിഴ്നാടിനോട് ഇക്കാര്യത്തില് പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില് തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്ക്കൊപ്പം പുലര്ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള് കൂടി തുറക്കുകയായിരുന്നു. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര് അണക്കെട്ടിന്റെ ഷട്ടറുകള് തുറന്നുവിടുന്നത്


