
പൃഥ്വിരാജ് സുകുമാരൻ- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് കടുവ. ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. മുണ്ടും ജുബ്ബയും ധരിച്ച് ‘അച്ചായൻ’ ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.എന്റെ മനസ്സിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ മറ്റൊന്നിനും എന്നെ തടയാനാകില്ല’ എന്ന അടിക്കുറിപ്പിനൊപ്പമാണ് കടുവാക്കുന്നേൽ കുറുവച്ചന്റെ സ്റ്റിൽ പുറത്തെത്തിയിരിക്കുന്നത്. അതേസമയം കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കടുവാക്കുന്നേൽ കുറുവച്ചനായുള്ള പൃഥ്വിരാജിന്റെ ചെറിയൊരു വിഡിയോ സുപ്രിയ മേനോനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് കടുവ എന്ന ചിത്രത്തിന്. 2013-ൽ പ്രേക്ഷകരിലേക്കെത്തിയ ജിഞ്ചർ ആണ് ഷാജി കൈലാസ് ഏറ്റവും ഒടുവിലായി സംവിധാനം നിർവഹിച്ച മലയാള ചിത്രം. 2017-ൽ തമിഴിൽ തിയേറ്ററുകളിലെത്തിയ വാഗൈ എക്സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിർവഹിച്ച ചിത്രം.പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേർന്നാണ് കടുവയുടെ നിർമാണം. യഥാർഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രംകൂടിയാണ് കടുവ. 2012-ൽ സിംഹാസനം എന്ന ചിത്രം ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയിരുന്നു.


