മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പു നടന്നതിനെ തുടർന്ന് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന മാധ്യമങ്ങളുടെ
പരാമര്ശത്തിനെതിരെയാണ് ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത് .

ആരോഗ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് പൂർണ രൂപം ;
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അനർഹരായ ചിലർക്കും ലഭിച്ചിട്ടുണ്ട് എന്ന വിജിലൻസിന്റെ കണ്ടെത്തലിനെ തുടർന്ന്
കേരളത്തിലെ ചില മാധ്യമങ്ങൾ നൽകുന്ന വാർത്തയും ചർച്ചയും ശ്രദ്ധയിൽപ്പെട്ടു . ഒരു
മാധ്യമം പറഞ്ഞത് ഈ വിവരങ്ങൾ പുറത്തു വന്നപ്പോൾ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാണ് !
ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അർഹരായവർക്ക് ലഭിക്കണമെന്ന് നിർബന്ധം ഉള്ളത് കൊണ്ടും അതങ്ങനെ ആണോ എന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത് . അന്വേഷണത്തിന് നിർദേശം നൽകിയത് ബഹു. മുഖ്യമന്ത്രിയാണ് . വിജിലൻസിനു സംശയം തോന്നിയ ഓരോ കേസും വിശദമായി അവർ അന്വേഷിച്ചു . അന്വേഷിക്കുന്നു . ഏതു തലത്തിലാണോ ക്രമക്കേട് നടന്നത് അത്
കൃത്യമായി കണ്ടെത്തും . കുറ്റം ചെയ്തവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് . ശക്തമായ നടപടി ഉണ്ടാകും .വിപുലമായ അന്വേഷണമാണ് ഇതുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തുന്നത് . മുഖ്യമന്ത്രിയും സർക്കാരും അത്രയേറെ ഗൗരവത്തോടെയാണ് ഇക്കാര്യം കാണുന്നത് . ജനക്ഷേമ പ്രവർത്തങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്ന് വേട്ടയാടലുകൾക്കു പിന്തിരിപ്പിക്കാനാവില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തുന്ന ഈ അന്വേഷണവും ഇനി വരാൻ പോകുന്ന നടപടികളും .




