ഉപഭോക്താക്കൾക്ക് നൽകിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകൾ റിലയൻസ് ജിയോയും ഭാരതി എയർടെലും താമസിയാതെ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. 2024 പകുതിയോടെ 4ജി നിരക്കുകളേക്കാൾ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകൾക്ക് കമ്പനികൾ ഈടാക്കിത്തുടങ്ങിയേക്കുമെന്നും അനലിസ്റ്റുകളെ ഉദ്ധരിച്ച് എക്കോണമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

5ജി അടിസ്ഥാന സൗകര്യ വികസനത്തിനും ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിനും ചിലവാക്കിയ തുക തിരിച്ചുപിടിക്കുന്നതിനായി സെപ്റ്റംബറോടെ ജിയോയും എയർടെലും മൊബൈൽ താരിഫ് നിരക്കുകൾ 20 ശതമാനത്തോളം വർധിപ്പിക്കാനിടയുണ്ട്.

മറ്റ് രണ്ട് ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയും ബിഎസ്എൻഎലും ഇതുവരെ 5ജി സേവനങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.
അതിനിടെ, എറിക്സണുമായി സഹകരിച്ച് എയർടെലിൻ്റെ 5ജി നെറ്റ് വർക്കിൽ എറിക്സണിന്റെ പ്രീ-കൊമേർഷ്യൽ റെഡ്യൂസ്ഡ് കാപബിലിറ്റി (റെഡ്കാപ്പ്) സോഫ്റ്റ് വെയർ വിജയകരമായി പരീക്ഷിച്ചു. ചിപ്പ് നിർമാതാവായ ക്വാൽകോമിൻ്റെ പിന്തുണയും ഇതിനുണ്ടായിരുന്നു.

5ജിയുടെ പുതിയ ഉപയോഗ സാധ്യതകൾ സൃഷ്ടിക്കാനാവുന്ന പുതിയ റേഡിയോ ആക്സസ് നെറ്റ് വർക്ക്സോഫ്റ്റ് വെയറാണ് എറിക്സൺ റെഡ്കാപ്പ്. സ്മാർട് വാച്ചുകൾ, മറ്റ് വെയറബിൾ ഉപകരണങ്ങൾ, ഇൻഡസ്ട്രിയൽ സെൻസറുകൾ, എആർ വിആർ ഉപകരണങ്ങൾ ഉൾപ്പടെയുള്ളവയിൽ 5ജി എത്തിക്കാൻ ഈ സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ സാധിക്കും.


