സംസ്ഥാനത്ത് നിർമിക്കുന്ന ദേശീയ പാതകളുടെ സ്ഥലമേറ്റെടുക്കൽ ചെലവ് മുഴുവൻ ഇനി ദേശീയപാതാ അതോറിറ്റി വഹിക്കും. ചെലവു പങ്കിടുന്നതിനു നിലവിൽ ധാരണയായ പദ്ധതികൾക്കല്ലാതെ സംസ്ഥാന വിഹിതം ആവശ്യപ്പെടേണ്ടെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ദേശീയപാതാ അതോറിറ്റിക്കു നിർദേശം നൽകി. ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇനി മുതൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവ് പങ്കിടാൻ കഴിയില്ലെന്നു കാട്ടി സംസ്ഥാന സർക്കാർ ഒന്നിലധികം തവണ കേന്ദ്രത്തിനു കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാറിന്റെ നടപടി.

ചെലവ് പൂർണമായി ദേശീയപാതാ അതോറിറ്റി വഹിക്കുമ്പോൾ നികുതി ഇളവ് ഉൾപ്പെടെ ചില വിട്ടുവീഴ്ചകൾ ചെയ്യണമെന്നു സംസ്ഥാനത്തോടു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല. ദേശീയപാത വികസനം വേഗത്തിലാക്കുന്നതിന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഭൂമിയേറ്റെടുക്കാൻ വേണ്ട തുകയുടെ 25% സംസ്ഥാനം വഹിക്കാൻ തീരുമാനിച്ചത്.

പാലക്കാട്- കോഴിക്കോട് പുതിയ ഹൈവേ, കൊച്ചി- മൂന്നാർ – തേനി വ്യവസായ ഇടനാഴി, തിരുവനന്തപുരം – അങ്കമാലി പുതിയ ഹൈവേ എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനം 25 ശതമാനവും വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ് റോഡിന് 50 ശതമാനവും തുക നൽകും. കൊല്ലം – ചെങ്കോട്ട പുതിയ ഹൈവേ, മലപ്പുറം – മൈസൂരു സാമ്പത്തിക ഇടനാഴിയിലെ മലപ്പുറം – കുട്ട റീച്ച്, 6 വരിയായി വികസിപ്പിക്കേണ്ട തൃശൂർ – ഇടപ്പള്ളി, വാളയാർ – വടക്കഞ്ചേരി ദേശീയപാത റീച്ചുകൾ എന്നിവയുടെ ഭൂമി ഏറ്റെടുക്കൽ ചെലവ് ദേശീയപാത അതോറിറ്റി വഹിക്കും.


