കോവിഡ് കാരണം വൈകിയ ഗഗൻയാൻ പദ്ധതിയുടെ ആദ്യഘട്ടം ഒക്ടോബറിൽ ഉണ്ടാവുമെന്ന് കേന്ദ്ര ശാസ്ത്ര – സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്. ഗഗൻയാന്റെ ആദ്യഘട്ട പരീക്ഷണയാത്ര ഒക്ടോബർ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ നടത്തുമെന്നും രണ്ടാംഘട്ടത്തിൽ നേരത്തെ പ്രഖ്യാപിച്ചത് പോലെ ഇന്ത്യയുടെ വനിത ഹ്യമനോയ്ഡായ വ്യോമമിത്രയെ ബഹിരാകാശത്തേക്കയക്കുമെന്നും മന്ത്രി പറഞ്ഞു. ബഹിരാകാശത്തേക്കുള്ള പുതിയ വാതിലുകൾ പ്രധാനമന്ത്രി തുറന്നു നൽകിയെന്നും അതാണ് ചന്ദ്രയാനെ വിജയത്തിലേക്ക് നയിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയ മാധ്യമമായ എൻ.ഡി.ടി.വിയുടെ ജി20 കോൺക്ലേവിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കോവിഡ് കാരണം വൈകിയ ഗഗൻയാൻ പദ്ധതി പുനരാരംഭിക്കുകയാണ്. ഒക്ടോബർ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ ഒന്നാംഘട്ട പരീക്ഷണയാത്ര നടത്തും. ബഹിരാകാശത്തേക്കയയ്ക്കുന്നവരെ സുരക്ഷിതമായി തിരികെയെത്തിക്കുക എന്നതും പ്രധാനമാണ്. രണ്ടാം ഘട്ടത്തിൽ വനിതാ റോബട്ടിനെയാകും ബഹിരാകാശത്തേക്ക് അയക്കുക. മനുഷ്യന് സമാനമായ രീതിയിൽ പ്രതികരിക്കാൻ കഴിയുന്ന റോബട്ടാണിത്. എല്ലാം നന്നായി നടന്നാൽ പദ്ധതിയുമായി മുന്നോട്ട് പോവാം- ജിതേന്ദ്ര സിങ് വ്യക്തമാക്കി.

ചന്ദ്രയാൻ-3 ഭൂമിയുടെ ഭ്രമണതലം വിട്ടപ്പോൾ കടുത്ത ആശങ്കയായിരുന്നു. എന്നാൽ വിജയകരമായി ദൗത്യം പൂർത്തികരിക്കാനായി. ബഹിരാകാശ ഗവേഷണരംഗത്തേക്ക് പുതിയ വാതിലുകൾ തുറക്കാൻ പ്രധാനമന്ത്രിയ്ക്കായി. അതാണ് ഈ വിജയത്തിനു പിന്നിൽ. 2019-വരെ ശ്രീഹരിക്കോട്ടയുടെ വാതിലുകൾ അടഞ്ഞായിരുന്നു കിടന്നിരുന്നത്. എന്നാൽ ഇത്തവണ മാധ്യമങ്ങൾക്കും സ്കൂൾ വിദ്യാർഥികൾക്കും അവിടേക്ക് ക്ഷണം ലഭിച്ചു. ഇത്തവണ ദൗത്യം ജനങ്ങളുടെ കൈകളിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.


