ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അര്‍ജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി തുടരുന്നത്.
വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന്റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തിൽ പുരോഗതിയില്ലാത്തത്. മുങ്ങൽ വിദഗ്ധർക്കായി ഫ്ലോട്ടിങ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചന ഉണ്ടെങ്കിലും നിലവിൽ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ല.


